
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിബിഐ അനേവഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ എസ്ഐ ഉള്‍പ്പെടെയുള്ള പ്രധാന പ്രതികളെല്ലാം അറസ്റ്റലായെന്നും അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
ശ്രീജിത്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അഖില നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. അഖിലയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മേയ് 22ലേക്ക് മാറ്റി. കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്നും ശ്രീജിത്തിന്റെ ഭാര്യ അഖില ആവശ്യപ്പെട്ടു.
നേരത്തെ കേസ് സിബിഐ അന്വേഷിക്കുന്നതു സംബന്ധിച്ചു സര്‍ക്കാരിന്റെ അഭിപ്രായം വ്യക്തമാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. പോലീസുകാര്‍ പ്രതിയായ കേസ് പോലീസുകാര്‍ അന്വേഷിക്കുന്നത് ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. കേസില്‍ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരെയും വരാപ്പുഴ എസ്ഐ ദീപക്കിനെയും പറവൂര്‍ സിഐ ക്രിസ്പിന് സാമിനെയും അറസ്റ്റു ചെയ്തിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ നല്കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജിനെ കഴിഞ്ഞ ദിവസം പ്രത്യേകസംഘം ചോദ്യം ചെയ്തിരുന്നു.






