
ഔറംഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗബാദില് കുടിവെള്ളത്തെ ചൊല്ലി ജനങ്ങള് രണ്ട് സംഘമായി തിരിഞ്ഞ് ഏറ്റുമുട്ടി. രണ്ടു പേര് കൊല്ലപ്പെട്ടു. 100 ഓളം കടകള് കത്തിച്ചു. പ്രദേശത്ത് പോലീസ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രി ആരംഭിച്ച സംഘര്ഷം ശനിയാഴ്ച രാവിലെയും തുടരുകയാണ്.
ുരു ആരാധന സ്ഥലത്തേക്കുള്ള കുടിവെള്ളത്തിന്റെ കണക്ഷന് വിഛേദിച്ചുവെന്ന് ആരോപിച്ചായിരുന്നു ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നെത്തിയ യുവാക്കള് തെരുവില് പരസ്പരം കല്ലേറ് നടത്തി. നിരവധി വാഹനങ്ങളും കത്തിച്ചു. പോലീസ് കണ്ണീര് വാതകവും ലാത്തിച്ചാര്ജും നടത്തിയാണ് അക്രമികളെ പിരിച്ചുവിട്ടത്. അതിനിടെ, പോലീസിനു നേര്ക്കും കല്ലേറുണ്ടായി. പത്ത് പോലീസുകാര്ക്ക് പരുക്കേറ്റു.
ട്വിറ്ററിലൂടെയും മറ്റും അക്രമത്തിന്റെ വിവരങ്ങള് പ്രചരിക്കുന്നുണ്ട്. ഔറംഗബാദില് വര്ഗീയ സംഘര്ഷം പൊട്ടിപ്പുറപ്പെട്ടതായും കടകള് കത്തുകയാണെന്നും എം.ഐ.എം പാര്ട്ടി നേതാവ് അസാസുദീന് ഒവൈസി ട്വീറ്റ് ചെയ്തു. ഹാജന്ംഗ് മസ്ജിദിനു സമീപം പോലീസ് വെടിവയ്പില് ഒരാള് കൊല്ലപ്പെട്ടു. പ്രദേശത്തേക്ക് അധിക സേനയെ അയക്കണമെന്നും ഒവൈസി പറയുന്നു. ജനങ്ങള് സമാധാനം പാലിക്കണമെന്നും കടകളും മറ്റും നശിച്ചവര്ക്ക് നഷ്ടപരിഹാരം നല്കുമെന്നും എംഐഎം പറയുന്നു.







Comments