
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ റെക്കോര്‍ഡുകളും ചരിത്രനേട്ടങ്ങളുമായി മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂള്‍ താരം മൊഹമ്മദ് സലായും ലീഗ് ക്ലൈമാക്സ് അവിസ്മരണീയമാക്കി. ഇതോടൊപ്പം ലിവര്‍പൂളിന്റെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതനേട്ടവും ആരാധകരെ ആവേശത്തിലാഴ്ത്തി. അതേസമയം ചാമ്പ്യന്‍സ് ലീഗില്‍ സ്ഥാനമുറപ്പിക്കാമെന്ന പ്രതീക്ഷയില്‍ ഇറങ്ങിയ മുന്ചാമ്പ്യന്മാരായ ചെല്‍സി മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ന്യൂകാസില്‍ യുണൈറ്റഡിനു മുന്നില്‍ അടിയറവു പറഞ്ഞത്.
സതാംപ്ടണിന്റെ തട്ടകത്തില്‍ ആതിഥേയരെ ഇഞ്ചുറി ടൈമില്‍ ഗബ്രിയേല്‍ ജീസസ് നേടിയ ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്മാരായത്. ഇതോടെ പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ 100 പോയിന്റ് നേടുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും ചാമ്പ്യന്മാര്ക്കു സ്വന്തമായി. സീസണില്‍ 32 വിജയമെന്ന റെക്കോര്‍ഡും സിറ്റി സ്വന്തമാക്കി. സിറ്റി സമനിലകൊണ്ട് തൃപ്തിപ്പെടുമെന്നുറപ്പിച്ച അവസാന നിമിഷത്തിലാണ് ജീസസ് രക്ഷകനായത്.
സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ നേട്ടത്തിനൊപപ്പം സ്ശെട്രക്കര് മുഹമ്മദ് സലായുടെ റെക്കോര്‍ഡ് ഗോള്‍ നേട്ടവും ലക്ഷ്യം തെറ്റിയില്ല. ബ്രൈട്ടണ് ആന്‍ഡ് ഹോവ് ആല്‍ബിയോണിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ലിവര്‍പൂള്‍ ഇരട്ടലക്ഷ്യം കൈപ്പിടിയിലൊതുക്കി. 26-ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ ആദ്യ ഗോള്‍ നേടിയാണ് 25 കാരനായ സല റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. ഇതോടെ പ്രീമിയര്‍ ലീഗില്‍ സലയുടെ 32-ാം ഗോള്‍ പിറന്നു. ഇതുവരെ 31 ഗോള്‍ നേട്ടമായിരുന്നു റെക്കോര്‍ഡ്.






