
ന്യൂകാമ്പ്: ബാഴ്സയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണെങ്കിലും അത്ലറ്റിക്കോ മാഡ്രിഡിന് ഗോളടിക്കുന്ന കാര്യത്തില്‍ ഗ്രീസ്മാന് മടിച്ചില്ല. ഫലം യോറോപ്പിലെ പാവപ്പെട്ടവരുടെ വലിയ പോരാട്ടമായ യൂറോപ്പാ ലീഗ് കിരീടം അത്ലറ്റിക്കോ മാഡ്രിഡ് നേടി. ഫ്രഞ്ച് ക്ളബ്ബ് മാഴ്സയുമായുള്ള പോരാട്ടം 3-0 ന് ജയിച്ചു. ഗ്രീസ്മാന്റെ ഇരട്ട ഗോളുകളും ഗാബിയുടെ ഏക ഗോളുമാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ വിജയഘടകമായി മാറിയത്.
ലിയോണില്‍ നടന്ന മത്സരത്തില്‍ വിജയകിരീടമണിഞ്ഞതോടെ ഒമ്പതു വര്‍ഷത്തിനിടയില്‍ മൂന്നാം തവണ ഈ കിരീടം നേടുന്ന ടീമായിട്ടാണ് അത്ലറ്റിക്കോ മാറിയത്. ഇതിന് മുമ്പ് 2010 ലും 2012 ലുമായിരുന്നു അത്ലറ്റിക്കോ കിരീടമുയര്‍ത്തിയത്. 29 ാം മിനിറ്റില്‍ ഗ്രീസ്മാന് നേടിയ ഒരു ഗോള്‍ ലീഡുമായി ഇടവേളയ്ക്ക് പിരിഞ്ഞ അത്ലറ്റിക്കോ രണ്ടാം പകുതിയിലെ തിരിച്ചുവരവില്‍ ഗ്രീസ്മാനിലൂടെ തന്നെ ഗോള്‍ രണ്ടായി ഉയര്‍ത്തി. കളി അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കി നില്‍ക്കേ നായകന് ഗാബി കൂടി ഗോളടിച്ചതോടെ അത്ലറ്റിക്കോ കിരീടത്തിലേക്ക് ഉയര്‍ന്നു. ഉജ്വല ഗോളടിയുമായി ലോകകപ്പ് ഫ്രാന്‍സില്‍ എത്തിക്കാന്‍ ഒരുങ്ങുന്ന ഗ്രീസ്മാന് ഈ സീസണില്‍ ഇതുവരെ 30 ഗോളുകളാണ് അടിച്ചു കൂട്ടിയത്.
പരുക്കിന്റെ ഭീതിയുമായി ഇറങ്ങി ഉജ്വല കളി കെട്ടഴിച്ച മാഴ്സെയി നായകന് ദിമിത്രി പായേറ്റ് കണ്ണീരോടെ മടങ്ങി. ഈ സീസണില്‍ യൂറോപ്പിലെ അഞ്ചു ടോപ് ടയര്‍ ലീഗുകളിലെയും കണക്കുകളില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് പായേറ്റിന്റെ പേരിലാണ്. ഈ സീസണിലെ മൊത്തം കളികളില്‍ 22 ഫലപ്രദമായ അസിസ്റ്റുകളാണ് പായേറ്റ് നടത്തിയത്. ലോകകപ്പിന് തയ്യാറെടുക്കുന്ന ഫ്രാന്‍സിന്റെ പരിശീലകന് ദിദിയര്‍ ദെഷാംപ്സ് കഴിഞ്ഞ ദിവസം തന്റെ ടീം പ്രഖ്യാപിച്ചപ്പോള്‍ അതില്‍ പായേറ്റ് ഇല്ലായിരുന്നു. ഇതോടെ യൂറോപ്പ ലീഗ് കിരീടം ഏറ്റവും കൂടുതല്‍ നേടുന്ന ടീമെന്ന സെവിയ്യയുടെ പദവിക്കൊപ്പമായി അത്ലറ്റിക്കോ മാഡ്രിഡും. ഈ കിരീടം ഒന്നിലേറെ തവണ ഉയര്‍ത്തുന്ന മാനേജരായി സിമയോണിയും മാറി.


