
അബുദാബി: ഒത്തുകളി വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിന് ഇന്ത്യന്‍ വംശജനായ യു.എസ്. ക്രിക്കറ്റ് താരം അഖിലേഷ് റെഡ്‌ഡിക്ക് എട്ട് വര്‍ഷത്തെ വിലക്ക്.
രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ അഴിമതി വിരുദ്ധ ട്രൈബ്യൂണലാണ് 26 വയസുകാരനായ അഖിലേഷ് റെഡ്‌ഡിക്ക് വിലക്കേര്‍പ്പെടുത്തിയത്. 2025 ലെ അബുദാബി ടി10 ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട വിഷയത്തിലാണു വിലക്ക്. എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിനു വേണ്ടി ഐ.സി.സിയാണ് ടൂര്‍ണമെന്റിന്റെ അഴിമതി വിരുദ്ധ ചുമതലകള്‍ നിര്‍വഹിച്ചിരുന്നത്.
2025 നവംബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് അഖിലേഷിനെ എട്ടു വര്‍ഷത്തേക്ക് വിലക്കിയത്. അന്ന് താരത്തിന് താല്‍ക്കാലിക വിലക്കാണ് ഏര്‍പ്പെടുത്തിയിരുന്നു. മത്സര ഫലങ്ങളെ സ്വാധീനിക്കാനോ ഒത്തുകളിക്കാനോ ശ്രമിക്കുകയോ അതിനായി ഗൂഢാലോചന നടത്തുകയോ ചെയ്യുക (ആര്‍ട്ടിക്കിള്‍ 2.1.1), മറ്റ് താരങ്ങളെ ഒത്തുകളിക്ക് പ്രേരിപ്പിക്കുകയോ അതിനായി സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യുക (ആര്‍ട്ടിക്കിള്‍ 2.1.4), അന്വേഷണ ഉദ്യോഗസ്‌ഥരുടെ വിവര ശേഖരണത്തെ തടസപ്പെടുത്തുന്നതിനായി മൊബൈല്‍ ഫോണിലെ പ്രധാന സന്ദേശങ്ങളും ഡാറ്റയും നശിപ്പിക്കുക (ആര്‍ട്ടിക്കിള്‍ 2.4.7) തുടങ്ങിയ കുറ്റങ്ങളാണ് താരത്തിനെതിരേ ചുമത്തിയത്.
2025 നവംബര്‍ 19 ലെ മത്സരത്തിന് തൊട്ടുമുമ്പ് ഹോട്ടല്‍ മുറിയില്‍ അഖിലേഷ് സഹ താരത്തെ സമീപിക്കുകയും ടീം മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശപ്രകാരം മത്സരത്തില്‍ കൂടുതല്‍ റണ്‍ വഴങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. വാഗ്‌ദാനം തള്ളിക്കളഞ്ഞ താരം ഐ.സി.സിയുടെ അഴിമതി വിരുദ്ധ സമിതിയെ വിവരം അറിയിച്ചു. സഹതാരവുമായി നടത്തിയ വാട്‌സ്‌ആപ്പ് സന്ദേശങ്ങളും കോള്‍ വിവരങ്ങളും അഖിലേഷ് ഡിലീറ്റ് ചെയ്‌തതായി ട്രിബ്യൂണല്‍ കണ്ടെത്തി. അന്വേഷണം വഴിതിരിച്ചുവിടാന്‍ മനഃപൂര്‍വം തെളിവുകള്‍ നശിപ്പിച്ചതാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഹൈദരാബാദില്‍ ജനിച്ച അഖിലേഷ് റെഡ്‌ഡി അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. ഓഫ് സ്‌പിന്നറായ റെഡ്‌ഡി യു.എസിനായി നാല് ട്വന്റി20 കള്‍ കളിച്ചു. 2025 ഏപ്രില്‍ 19 നായിരുന്നു കന്നി മത്സരം.





Comments