
ഗ്ലാസ്‌ഗോ: മത്സരയിനങ്ങള്‍ കുറവായിരുന്നെങ്കിലും 23-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ആവേശ സമാപനം. 2030 ലെ ഗെയിംസിന് ആതിഥ്യം വഹിക്കുന്ന അഹമ്മദാബാദ് സമാപനച്ചടങ്ങില്‍ കോമണ്‍വെല്‍ത്ത് പതാകയും ബാറ്റണും ഏറ്റുവാങ്ങി. ഇന്ത്യയുടേയും ഗുജറാത്തിന്റേയും സാംസ്‌കാരിക പാരമ്പര്യവും കായിക പാരമ്പര്യവും വിളിച്ചോതുന്ന കാലാപ്രകടനത്തിനും ഹൈഡ്രോ ഇന്‍ഡോര്‍ അരീന വേദിയായി. സമാപനച്ചടങ്ങിലെ മാര്‍ച്ച് പാസ്‌റ്റില്‍ ബോക്‌സിങ് സ്വര്‍ണം നേടിയ ജാസ്‌മിന്‍ ലംബോറിയയാണ് ഇന്ത്യന്‍ പതാകയേന്തിയത്. ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹര്‍ഷ് സംഘ്‌വിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ സംഘം സമാപനവേദിയിലെത്തിയത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷയടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുത്തു. 150-ാം വാര്‍ഷികം ആഘോഷിക്കുന്ന വന്ദേമാതരത്തിന് ആദരമര്‍പ്പിച്ചുകൊണ്ടാണ് ഇന്ത്യന്‍ കലാവിരുന്നിന് തുടക്കമായത്. ഇന്ത്യന്‍ സംഗീതജ്‌ഞന്‍ ഋഷഭ് റിഖിറാം ശര്‍മയും സ്‌കോട്ടിഷ് സംഗീതജ്‌ഞന്‍ റോസ് ഐന്‍സ്‌ലിയും ചേര്‍ന്നവതരിപ്പിച്ച ജുഗല്‍ ബന്ദി, ശങ്കര്‍ മഹാദേവന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഗായക,നൃത്തസംഘത്തിന്റെയും പ്രകടനങ്ങളുമുണ്ടായിരുന്നു.
സ്‌കോട്ടിഷ് റോക്ക് ബാന്‍ഡ് സിംപിള്‍ മൈന്‍ഡിന്റെ പ്രകടനത്തോടെയാണ് കലാവിരുന്നുകള്‍ക്ക് തുടക്കമായത്. വിഖ്യാത ഗായകരായ കാമി ബാണ്‍സ്, ബെംസ്, സാന്‍ഡി തോം, ഓസ്‌ട്രേലിയന്‍ ഗായകന്‍ ഡെല്‍റ്റ ഗൂഡ്രെം തുടങ്ങിയവരും വേദിയില്‍ അണിനിരന്നു. ഗുജറാത്ത് തലസ്‌ഥാനമായ അഹമ്മദാബാദിലാണ് 24-ാമത് ഗെയിംസ്. അഹമ്മദാബാദിന്റെ ആതിഥ്യം വിളംബരം ചെയ്‌തുകൊണ്ടുള്ള കലാപ്രകടനങ്ങളോടെയാണ് കൊടിയിറങ്ങിയത്.
11 ദിവസത്തെ കായികമേളയില്‍ 13 സ്വര്‍ണവും 17 വെള്ളിയും 9 വെങ്കലങ്ങളും ഉള്‍പ്പടെ 39 മെഡലുകളുമായി ഇന്ത്യ നാലാം സ്‌ഥാനത്ത് ഫിനിഷ് ചെയ്‌തു. 2022 ഗെയിംസിലും ഇന്ത്യ നാലാമതായിരുന്നു. ഏഴ് സ്വര്‍ണവും മൂന്ന് വെള്ളിയും വാരിക്കൂട്ടിയ ബോക്‌സിംഗ് താരങ്ങളാണ് ഇന്ത്യന്‍ മെഡല്‍ത്തിളക്കത്തിന് പിന്നില്‍. അത്‌ലറ്റിക്‌സില്‍ നിന്ന് മൂന്ന് സ്വര്‍ണവും ജൂഡോയില്‍ രണ്ട് സ്വര്‍ണവും വെയ്‌റ്റ് ലിഫ്‌ടിംഗില്‍ ഒരു സ്വര്‍ണവും ലഭിച്ചു. 69 സ്വര്‍ണമുള്‍പ്പടെ 167 മെഡലുകള്‍ നേടിയ ഓസ്‌ട്രേലിയയാണ് ഗെയിംസ് മെഡല്‍പ്പട്ടികയില്‍ ഒന്നാമതെത്തിയത്.
രണ്ടാം സ്‌ഥാനത്തുള്ള ഇംഗ്ലണ്ട് 27 സ്വര്‍ണവും 43 വെള്ളിയും 36 വെങ്കലവും അടക്കം 106 മെഡലുകള്‍ നേടി. മൂന്നാം സ്‌ഥാനത്ത് കാനഡയാണ്. അവര്‍ 18 സ്വര്‍ണവും 20 വെള്ളിയും 21 വെങ്കലവും അടക്കം 59 മെഡലുകള്‍ നേടി. ഏഴ് സ്വര്‍ണവും മൂന്ന് വെങ്കലവും അടക്കം 10 മെഡലുകള്‍ നേടിയ ബോക്‌സര്‍മാരാണ് ഇന്ത്യയെ നാലാം സ്‌ഥാനത്തെത്തിച്ചത്‌്. അത്‌ലറ്റിക്‌സിലും പാരാ അത്‌ലറ്റിക്‌സിലുമായി മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും ആറ് വെങ്കലവും അടക്കം 16 മെഡലുകള്‍ നേടി. ഭാരോദ്വഹനത്തില്‍ ഒരു സ്വര്‍ണവും ആറ് വെള്ളിയും ഒരു വെങ്കലവും അടക്കം എട്ട് മെഡലുകള്‍ പിറന്നു. ജൂഡോയില്‍ ഇന്ത്യ അപ്രതീക്ഷിത കുതിപ്പായി. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും അടക്കം നാല് മെഡലുകളാണു ജൂഡോക്കാര്‍ നേടിയത്.





Comments