തൃശൂര്‍: ദേശമംഗലത്ത് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. റിനിയുടെ ഭര്‍ത്താവ് സാജു, അമ്മ കാളി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് ഇരുവരും അറസ്റ്റിലായത്. സ്ത്രീധന പീഡന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്.
തുടരന്വേഷണത്തില്‍ തെളിവ് ലഭിച്ചാല്‍ ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും. അയല്‍വാസികളുടേയും റിനിയെ പ്രവേശിപ്പിച്ച ആശുപത്രി ജീവനക്കാരുടേയും മൊഴി എടുത്തിരുന്നു. ഗുരുതരമായി പൊള്ളലേറ്റാണ് റിനി മരിച്ചത്. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് യുവതി മരണമൊഴി നല്‍കിയിരുന്നു. എന്നാല്‍ മരണ മൊഴി പോലീസ് തിരുത്തിയതായി പിന്നീട് ആരോപണമുയര്‍ന്നു.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ തനിക്ക് മേല്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയെന്നാണ് റിനിയുടെ മൊഴി. റിനിയുടെ മരണമൊഴിയുടെ വീഡിയോ വാര്‍ത്താ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. എന്നാല്‍ അമ്മയും സഹോദരിമാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് റിനി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് തിരുത്തിയ മരണമൊഴി.






