
ന്യൂഡല്ഹി: കര്ണാടക നിയമസഭയിലെ വിശ്വാസവോട്ടുമായി ബന്ധപ്പെട്ട് സുതാര്യത ഉറപ്പുവരുത്താന് കഴിഞ്ഞുവെന്ന് കോണ്ഗ്രസ്. നടപടികള് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് കോടതി നിര്ദേശിച്ചു. വിശ്വാസവോട്ട് സുതാര്യമായി നടത്തപ്പെടുമെന്ന് തങ്ങള് വിശ്വസിക്കുന്നു. അന്തിമ വിജയം കോണ്ഗ്രസിനും ജെ.ഡി.എസിനുമൊപ്പമായിരിക്കുമെന്ന് യാതൊരു സംശയവും വേണ്ടെന്നും കോണ്ഗ്രസ് അഭിഭാഷകന് അഭിഷേക് മനു സിംഗ്വി വ്യക്തമാക്കി. കോടതി നടപടിക്കു ശേഷം പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല് കോണ്ഗ്രസിന്റെ എല്ലാ വാദങ്ങളും തള്ളിപ്പോയെന്നാണ് കര്ണാടക സര്ക്കാരിനു വേണ്ടി ഹാജരായ മുതിര്ന്ന അഭിഭാഷകന് മുകുള് മറാത്തഗി പ്രതികരിച്ചത്. കോണ്ഗ്രസിന്റെ വാദങ്ങള് കോടതി കേട്ടു. അവയെല്ലാം തള്ളിക്കളയുകയാണ് ചെയ്തത്. കെ.ജി ബൊപ്പയ്യയെ പ്രോ ടേം സ്പീക്കര് സ്ഥാനത്തുനിന്ന് നീക്കാനുള്ള കോണ്ഗ്രസിന്റെ ശ്രമവും പരാജയപ്പെട്ടു. അവര് ഭയപ്പെടുന്നുണ്ട്. നിയമസഭയില് വിശ്വാസവോട്ട് പോലും നടക്കാന് അവര് ആഗ്രഹിക്കുന്നില്ലെന്നും റോത്തഗി പറഞ്ഞു.
കോണ്ഗ്രസിന്റെ ശ്രമങ്ങള് പരാജയപ്പെട്ടുവെന്നും ഈ ദിവസത്തെ ആദ്യ വിജയം തങ്ങള്ക്കാണെന്നും കര്ണാടക ബി.ജെ.പി ഘടകവും കോടതി വിധിയോട് പ്രതികരിച്ചു.
പ്രൊടേം സ്പീക്കര് ആയി ബൊപ്പയ്യയെ നിയമിച്ച നടപടി റദ്ദാക്കാന് വിസമ്മതിച്ച കോടതി, ആരെ പ്രൊടേം സ്പീക്കറായി നിയമിക്കണമെന്ന് ഗവര്ണറോട് നിര്ദേശിക്കാന് തങ്ങള്ക്ക് കഴിയില്ലെന്നും വ്യക്തമാക്കി. വിശ്വാസവോട്ട് എങ്ങനെ നടത്തണമെന്ന് പ്രൊടേം സ്പീക്കര്ക്ക് നിര്ദേശിക്കാമെന്നും കോടതി അറിയിച്ചു. എന്നാല് ചില ഉറപ്പുകള് സര്ക്കാരിന്റെ അഭിഭാഷകരില് നിന്നും കോടതി തേടിയിട്ടുണ്ട്. സത്യപ്രതിജ്ഞയും വിശ്വാസവോട്ടും മാത്രമായിരിക്കണം ഇന്നത്തെ അജണ്ട, വോട്ടെടുപ്പ് പൂര്ണ്ണമായും തത്സമയം സംപ്രേക്ഷണം ചെയ്യണം, സഭാ നടപടികള് പൂര്ണ്ണമായും റെക്കോര്ഡ് ചെയ്ത് സൂക്ഷിക്കണമെന്നും കോടതി നിര്ദേശിച്ചു. ബൊപ്പയ്യയ്ക്കെതിരായ ഹര്ജി തള്ളിപ്പോയി എങ്കിലും സുതാര്യമായ നടപടി ഉറപ്പാക്കാന് കോണ്ഗ്രസിനും ജെ.ഡി.എസിനും കഴിഞ്ഞിട്ടുണ്ട്. ചെറിയൊരു പാളിച്ചപോലും സഭയില് സംഭവിച്ചാല് അതും കോടതിയില് ചോദ്യം ചെയ്യപ്പെടുമെന്ന് വ്യക്തമാണ്.







Comments