
ഇറ്റാനഗര്‍: ഇന്ത്യന്‍ ഏവിയേഷന്‍ ചരിത്രത്തിലെ നാഴികക്കല്ല് എന്നായില്ലെങ്കില് പിന്നെ ഇതിന് എന്തു വിശേഷണം നല്‍കും. തിങ്കളാഴ്ച ഗുവാഹത്തിയിലെ ലോകപ്രിയാ ഗോപിനാഥ് ബര്‍ദോളി വിമാനത്താവളത്തില്‍ നിന്നും അരുണാചല്‍ പ്രദേശിലെ പസീഗട്ട വിമാനത്താവളത്തില്‍ ആദ്യ വാണിജ്യ ചെറുവിമാനം പറന്നിറങ്ങിയപ്പോള്‍ സ്വതന്ത്ര്യ ഇന്ത്യയില്‍ അത് ചരിത്രമായി.
എട്ടു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തരമൊരു നീക്കം നടത്തി അരുണാചല്‍ പ്രദേശ് രാജ്യത്തെ കൊമേഴ്സ്യല്‍ ഫ്ളൈറ്റ് സര്‍വീസ് മാപ്പില്‍ ഇടം നേടി. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് മുമ്പ് അരുണാചല്‍ പ്രദേശിലെ പ്രധാന ഗതാഗത സൗകര്യമായി സ്വകാര്യ വിമാന സര്‍വീസ് ഉപയോഗിച്ചിരുന്നത് ബ്രിട്ടീഷ് സൈന്യമായിരുന്നു.
എയര്‍ ഇന്ത്യയുടെ ഉപ വിഭാഗമായ അലയന്‍സ് എയര്‍ലൈന്‍സിന്റെ 42 സീറ്റുകളുള്ള എടിആര്‍ എയര്‍ക്രാഫ്റ്റാണ് മെയ് 21ന് ഉച്ചയ്ക്ക് 2.15 ന് പസീഗഡില് ഇറങ്ങിയത്. ഗുവാഹത്തിയിലെ ലോക്പ്രിയാ ഗോപിനാഥ് ബര്‍ദോളി വിമാനത്താവളത്തില്‍ നിന്നും അരുണാചലിലെ പസീഗര് വരെയുള്ള 650 കിലോമീറ്റര്‍ വെറും ഒന്നര മണിക്കൂര്‍ കൊണ്ട് താണ്ടി. അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡുഉള്പ്പെടെ 25 യാത്രക്കാരാണ് ആദ്യയാത്രയില്‍ പങ്കെടുത്തത്. ഉപമുഖ്യന് ചൗനാ മെയിനും ക്യാബിനറ്റ് മന്ത്രിമാരും എംഎല്‍എമാരും ഉദ്ഘാടന പറക്കലില്‍ യാത്രക്കാരായിരുന്നു.
ആഴ്ചയില്‍ ചൊവ്വാ, വ്യാഴം, ശനി എന്നീ മൂന്ന് ദിവസം കല്‍ക്കട്ട-ഗുവാഹട്ടി-പസീഗഡ് റൂട്ടില്‍ വാണിജ്യസേവനം തുടരാനാണ് അലയന്‍സ് എയറിന്റെ ഉദ്ദേശം. 3000 രൂപയാണ് യാത്രാനിരക്ക്. സാധാരണഗതിയില്‍ ഗുവാഹട്ടിയില്‍ നിന്നോ ഇറ്റാനഗറില്‍ നിന്നോ ഇവിടെയെത്താന്‍ മലനിരകള്‍ക്കിടയിലൂടെ ഒരു ദിവസം മുഴുവന്‍ സഞ്ചരിക്കേണ്ടി വന്നിരുന്ന യാത്രയാണ് ഒന്നര മണിക്കൂറായി ചുരുങ്ങിയത്.
പസീഗഡ്, തെസു എന്നിവിടങ്ങളാണ് സ്ഥിരം ലൊക്കേഷന്‍. ഡാപോറിജോ, ഇറ്റാനഗര്‍, വാലോംഗ്, യിങ്കിയോംഗ്, സീറോ, ട്യൂട്ടിംഗ് എന്നിവിടങ്ങള്‍ ഹെലികോപ്റ്റര്‍ സേവനങ്ങള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രതിരോധ ആഭ്യന്തര കാര്യങ്ങള്‍ക്കായി അരുണാചല്‍ പത്ത് ലാന്റിംഗ് ഗ്രൗണ്ടുകളും 120 ഹെലിപാഡുകളും നിര്‍മ്മിച്ചിട്ടുണ്ട്. സൂം എയര്‍, ടര്‍ബോ ജെറ്റ് എന്നിവയും അലയന്‍സ് എയറിന് പിന്നാലെ ഈ വിപണിയിലേക്ക് ഇറങ്ങാനുള്ള ആലോചനയിലാണ്.
സൈന്യം ഉപയോഗിച്ചിരുന്ന വ്യോമതാവളം നിലവില്‍ ഉണ്ടായിരുന്നതിനാലാണ് പസീഗഡ് വിമാനത്താവളത്തിന് പ്രഥമ പരിഗണന കിട്ടിയത്. സ്വതന്ത്ര്യം കിട്ടിയ ശേഷം ഇന്തോ-ചൈനാ അതിര്‍ത്തിയില്‍ നിന്നും 300 കിലോ മീറ്റര്‍ അകലെ രാജ്യത്ത് ഒരു വാണിജ്യ വിമാന സേവന പദ്ധതി തുടങ്ങുന്നത് തന്നെ ഇതാദ്യമായിട്ടാണ്.






