
ചാലക്കുടി: സോഫ്റ്റ്വെയര് എന്‍ജീനീയറായ സൗമ്യയെ കഴുത്തറത്ത് കൊന്ന കേസില്‍ ഭര്‍ത്താവ് ലൈജുവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. സൗമ്യയെ കൊലപ്പെടുത്തിയതിനു ശേഷം കൈത്തണ്ടയില്‍ മുറിവുണ്ടാക്കി ആത്മഹത്യക്കു ശ്രമിച്ച ലൈജു ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ലൈജുവിനെ ഡിസ്ചാര്‍ജ് ചെയ്തശേഷം വിശദമായി പോലീസ് ചോദ്യം ചെയ്യും.
ഇരുവരും തമ്മിലുള്ള കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രിയില്‍ നടന്നെന്ന് കരുതുന്ന കൊലപാതകം അടുത്ത ദിവസം പകലാണ് പുറംലോകമറിയുന്നത്. രാത്രിയില്‍ തനിക്കൊപ്പം കിടന്ന അമ്മയെ കാണാതെ രാവിലെ എട്ടുവയസുകാരനായ മകന് ആരോണ്‍ ഉറക്കം തെളിഞ്ഞ് പൂട്ടിക്കിടന്നിരുന്ന കിടപ്പുമുറിക്കു മുന്നില്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കുകയായിരുന്നു.
വാതില്‍ തുറക്കാതായതോടെ പപ്പയും മമ്മിയും വാതില്‍ തുറക്കുന്നില്ലെന്നും തനിക്കു വിശക്കുന്നുവെന്നും കുട്ടി സൗമ്യയുടെ അമ്മയെ ഫോണില്‍ വിളിച്ചു പറഞ്ഞു. സൗമ്യ ജോലിക്കു പോയിക്കാണുമെന്ന് കരുതി ലൈജുവിന്റെ ഫോണിലേക്ക് സൗമ്യയുടെ അമ്മ വളിച്ചപ്പോള്‍ നിങ്ങളുടെ മകളെ താന്‍ കൊന്നുവെന്നായിരുന്നു ലൈജുവിന്റെ വെളിപ്പെടുത്തല്‍. ഇതോടെ ഷീലയും ഭര്‍ത്താവ് ജോസഫും കാറില്‍ പാഞ്ഞെത്തി. പോലീസിന്റെ സഹായത്തോടെ മുറി തുറന്നപ്പോളാണ് മരിച്ച് മരവിച്ചു കിടക്കുന്ന മകളെയും ലൈജുവിനേയും കണ്ടത്. സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം സംസ്കരിച്ചു.
ഇരുവരും കിടപ്പുമുറിയിലാണു കിടന്നത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയാണു മരണവിവരമറിഞ്ഞത്. എട്ടു വയസുള്ള ഏക മകന് ആരോണ്‍, ഉച്ചയായിട്ടും മാതാപിതാക്കള്‍ മുറിക്കു പുറത്തുവരാത്തതിനെത്തുടര്‍ന്നു സൗമ്യയുടെ അമ്മയെ ഫോണ്‍ വിളിച്ചു പറഞ്ഞു. തുടര്‍ന്ന് അയല്‍വീട്ടിലെത്തി കാര്യം ധരിപ്പിച്ചു. അവരെത്തിയപ്പോഴും മുറി അടച്ചിട്ടനിലയിലായിരുന്നു. പോലീസെത്തി കിടപ്പുമുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്തുകടന്നത്.
ഞരമ്പുമുറിച്ചു രക്തം വാര്‍ന്നൊലിച്ച് അവശനിലയില്‍ കിടക്കുകയായിരുന്ന ലൈജുവിനെ പോലീസ് ആശുപത്രിയിലെത്തിച്ചു. പാലാരിവട്ടത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ സോഫ്റ്റ്വേര്‍ എന്‍ജിനീയറായിരുന്നു സൗമ്യ. യു.എസില്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയറായിരുന്ന ലൈജു ആറുമാസം മുമ്പാണു നാട്ടിലെത്തിയത്. കൊരട്ടി ഇന്‍ഫോ പാര്‍ക്കില്‍ ജോലിയില്‍ പ്രവേശിച്ചു. ഇരുവര്‍ക്കും ജോലിക്കു പോകാനായുള്ള സൗകര്യത്തിനായി സമീപകാലത്താണ് റെയില്‍വേ സ്റ്റേഷനു സമീപം മനപ്പടിയില്‍ വീടുവാങ്ങിയത്. എസ്.എച്ച്. കോളജിനു സമീപം മല്പ്പാന് ജോസഫിന്റെ മകളാണ് സൗമ്യ.






