
ബംഗളൂരു: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാളെന്ന് സംശയിച്ച് ബംഗളൂരുവില്‍ ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. സംഭവത്തില്‍ നാല് സ്ത്രീകള്‍ അടക്കം 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
25ഓളം വരുന്ന ആളുകളാണ് ഇയാളെ ആക്രമിച്ചത്. രാജസ്ഥാന് സ്വദേശിയാണ് ആള്‍ക്കുട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒരു മാസം മുന്‍പ് ടൈല്‍ നിര്‍മ്മാണ ജോലികള്‍ക്കായാണ് ഇയാള്‍ ബംഗളൂരുവില്‍ എത്തിയത്.
ചാമരാജ്പെട്ട് പൂന്തോട്ടത്തിലെത്തിയ യുവാവിനെ തട്ടിക്കൊണ്ടു പോകുന്ന ആളാണെന്ന് സംശയിച്ച് ചില സ്ത്രീകള്‍ പിന്തുടരുകയും പിന്നീട് ഇവര്‍ക്കൊപ്പമുള്ളവര്‍ ചേര്‍ന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു.
പിന്നീട് പോലീസ് സ്ഥലത്ത് എത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുന്‍പേ മരിക്കുകയായിരുന്നു.
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളാണെന്ന് സംശയിക്കാന്‍ ഇയാളില്‍ ഒന്നുമില്ലായിരുന്നുവെന്നും. എന്നാല്‍ ഇപ്പോള്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളെക്കണ്ടാല് സൂചന നല്കുന്ന വാട്സാപ്പ് വീഡിയോ പുറത്തിറങ്ങിയിരുന്നു. ഇത് കണ്ട് സംശയിച്ചാണ് ഇയാളെ കൈകാര്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു.






