
മുംബൈ: ഐപിഎല്‍ പതിനൊന്നാം എഡിഷനിലെ കലാശപ്പോരില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ബോളിങ് തെരഞ്ഞെടുത്തു. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മൂന്നാം കിരീടം തേടിയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഇറങ്ങുന്നത്. അതേസമയം, രണ്ടാം കിരീടം തേടിയാണ് ഹൈദരാബാദ് ഇറങ്ങുന്നത്.
ടൂര്‍ണമെന്റിലെ ആദ്യ പ്ലേ ഓഫില്‍ ഇരു ടീമുകളും തമ്മില്‍ നേര്‍ക്കു നേര് വന്നപ്പോള്‍ ജയം ചെന്നൈയ്ക്കൊപ്പമായിരുന്നു. അതേസമയം, എലിമിനേറ്ററില്‍ ജയിച്ചെത്തിയ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ രണ്ടാം പ്ലേ ഓഫില്‍ തോല്‍പ്പിച്ചാണ് ഹൈദരാബാദ് ഫൈനലില്‍ എത്തിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച നിലവാരം പുലര്‍ത്തുന്ന താരങ്ങളാണ് ഇരു ടീമുകളിലുമെന്നത് പോരാട്ടം കടുക്കുമെന്നുറപ്പ്.
ഹൈദരാബാദ് സണ്‍ റൈസേഴ്സ് താരങ്ങള്‍ കൊല്‍ക്കത്തയില്‍നിന്ന് ഇന്നലെ വൈകിട്ടാണു മുംബൈയിലെത്തിയത്. വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ഒന്നാം ക്വാളിഫയറില്‍ സൂപ്പര്‍ കിങ്സ് 140 റണ്‍ പിന്തുടര്ന്നു നേടുകയായിരുന്നു. 2010, 2011 സീസണുകളിലെ ജേതാക്കളാണു സൂപ്പര്‍ കിങ്സ്.
സണ്‍റൈസേഴ്സ് 2016-ലാണ് ഐ.പി.എല്‍. കിരീടം നേടിയത്. പതിനൊന്നാം സീസണില്‍ സൂപ്പര്‍ കിങ്സിനെതിരേ കളിച്ച മൂന്നു മത്സരങ്ങളിലും തോല്‍വി പിണഞ്ഞ ചരിത്രവുമായാണ് സണ്‍റൈസേഴ്സ് ഫൈനലിനിറങ്ങുന്നത്. അഫ്ഗാന് താരം റാഷിദ് പ്രകടന മികവ് തുടര്‍ന്നാല്‍ കിരീടം അവര്‍ക്ക് അന്യമാകും. ഒന്നാം ക്വാളിഫയറില്‍ നായകന് എം.എസ് ധോണിയുടെയും ഡ്വെയ്ന്‍ ബ്രാവോയുടെയും വിക്കറ്റെടുത്ത റാഷിദ് സൂപ്പര്‍ കിങ്സിനെ ആറിന് 62 റണ്ണെന്ന നിലയിലേക്കു തള്ളിയിട്ടിരുന്നു. ഫാഫ് ഡു പ്ലെസിസിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയെങ്കിലും റിവ്യുവില്‍ രക്ഷപ്പെടുകയായിരുന്നു.
മീഡിയം പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ റാഷിദിനു പിന്തുണയുമായി രംഗത്തുണ്ട്. വെസ്റ്റിന്‍ഡീസിന്റെ ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്വെയ്റ്റിനെയും സൂപ്പര്‍ കിങ്സ് പേടിക്കണം. നൈറ്റ്റൈഡേഴ്സിനെതിരേ ബ്രാത്വെയ്റ്റ് 43 റണ്ണുമായി പുറത്താകാതെ നിന്നിരുന്നു. മത്സരത്തിന്റെ നിര്‍ണായകമായ അവസാന ഓവര്‍ എറിഞ്ഞ വിന്‍ഡീസ് താരം രണ്ട് വിക്കറ്റെടുക്കകയും ചെയ്തു.ഓപ്പണര്‍മാരായ നായകന് കെയ്ന്‍ വില്യംസണും ശിഖര്‍ ധവാനും മികച്ച ഫോം തുടരുന്നതും അനുകൂലഘടകമാണ്. മധ്യനിര പ്രതീക്ഷയ്ക്കൊത്തുയരാത്തതാണു തലവേദന.
നായകന് എം.എസ്. ധോണിയും ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരായ ഷെയ്ന് വാട്സണ്, സുരേഷ് റെയ്ന, അമ്പാട്ടി റായിഡു, ഡ്വെയ്ന്‍ ബ്രാവോ എന്നിവരുടെ മികവാണു സൂപ്പര്‍ കിങ്സിന്റെ കരുത്ത്. ഒറ്റ മത്സരം കൊണ്ട് ഫാഫ് ഡു പ്ലെസിസും ടീമിന്റെ അവിഭാജ്യഘടകമായി. രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് പ്രകടനങ്ങള്‍ സൂപ്പര്‍ കിങ്സിന് തുണയേകും. വെറ്ററന്‍ താരം ഹര്ഭജന് സിങ് ഐ.പി.എല്ലില്‍ 50 വിക്കറ്റ് തികയ്ക്കാനൊരുങ്ങുകയാണ്. ഫൈനലില്‍ ഒരു വിക്കറ്റെടുത്താല്‍ അദ്ദേഹം 50 കടക്കും. കഴിഞ്ഞ 10 സീസണുകളിലും മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്ന ഹര്ഭജന് വാങ്കഡെ ശരിക്കും ഹോം ഗ്രൗണ്ടാണ്.
ചെന്നൈ സൂപ്പര്‍ കിങ്സ്
ഷെയ്ന് വാട്സണ്, ഫാഫ് ഡു പ്ലെസിസ്, സുരേഷ് റെയ്ന, അമ്പാട്ടി റായിഡു, എം.എസ്. ധോണി (നായകന്), ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ദീപക് ചാഹാര്‍, കരണ്‍ ശര്‍മ, ശാര്‍ദൂല്‍ ഠാക്കൂര്‍, ലുങ്കി എന്‍ഗിഡി.
ഹൈദരാബാദ് സണ്‍റൈസേഴ്സ്
ശിഖര്‍ ധവാന്, ശ്രീവത്സ് ഗോസ്വാമി, കെയ്ന്‍ വില്യംസണ് (നായകന്), ഷാക്കിബ് അല്‍ ഹസന്, ദീപക് ഹൂഡ, യൂസഫ് പഠാന്, കാര്‍ലോസ് ബ്രാത്വെയ്റ്റ്, റാഷിദ് ഖാന്, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍, സന്ദീപ് ശര്‍മ.






