
കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്ന് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ദുരഭിമാനകൊലയെന്ന റിപ്പോര്‍ട്ട്. മരണമടഞ്ഞ കെവിന് ദളിത് പശ്ചാത്തലത്തിലുള്ള യുവാവും ഭാര്യ നീനു റോമന്‍ കത്തോലിക്കക്കാരിയുമാണ്. കെവിന്റെ ദളിത് പശ്ചാത്തലവും സാമ്പത്തിക അന്തരവുമാണ് വിവാഹത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സമ്മതിക്കാതിരുന്നതിന് കാരണം. കെവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പോലീസ് കേസ് ഗൗരവമായി എടുക്കാതിരുന്നതും പെണ്‍കുട്ടിയുടെ പക്ഷം നിന്നതും വിവേചനമായിരുന്നെന്നും ആരോപണമുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. പെണ്‍കുട്ടിയുടെ കുടുംബത്തിന് അനുകൂലമായ നിലപാട് എടുത്ത പോലീസ് അവര്‍ക്ക് സഹായം ചെയ്യുന്ന രീതിയിലുള്ള നീക്കമാണ് നടത്തിയതും. കോട്ടയത്തെ ഒരു പ്രമുഖ മത സ്ഥാപനത്തിന്റെ പരിപാടിയില്‍ അടക്കം പങ്കെടുക്കുന്ന മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കണമെന്ന് വ്യക്തമാക്കി പോലീസ് അന്വേഷണത്തില്‍ നിന്നും മാറി നിന്നു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും ചേരമര്‍ വിഭാഗത്തില്‍ പെടുന്ന ആളുമായ കെവിന്റെ കുടുംബം ക്രിസ്തുമതം സ്വീകരിച്ചവരാണ്. നീനു സമ്പന്നമായ റോമന്‍ കാത്തലിക് വിഭാഗക്കാരിയുമാണ്. ജാതിവ്യത്യാസവും സാമ്പത്തിക അന്തരവുമാണ് ഇവരുടെ ബന്ധത്തില്‍ വില്ലനായതെന്നും സഹോദരന്റെ കടുത്ത എതിര്‍പ്പിന് കാരണമായതെന്നും സംശയിക്കുന്നു. ഗള്‍ഫില്‍ നിന്നും വന്നയാള്‍ എങ്കിലും വേലയും ജോലിയും വീടുമില്ലാത്ത കെവിനെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു നീനുവിന്റെ മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞത്. മകളെ പിടിച്ചുകൊണ്ടുപോകാന്‍ വീട്ടുകാര്‍ ശ്രമം നടത്തുകയും ചെയ്തു.
ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന നീനു 24 ന് പരീക്ഷാവിവരം അറിയാനാണ് കോട്ടയത്തെത്തിയത്. 730 ന് നീനു വീട്ടില്‍ വിളിച്ച് കെവിനുമായുള്ള വിവാഹം കഴിഞ്ഞെന്ന് അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ തിരിച്ചു വിളിച്ചെങ്കിലൂം ഫോണെടുത്തില്ല. തുടര്‍ന്ന് നീനുവിന്റെ ബന്ധുക്കള്‍ 25 ന് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരം പറയുകയും വിവാഹം റജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ പോലീസിനെ കാണിച്ചെന്ന് കെവിന്റെ ബന്ധുക്കള്‍ പറയുകയുമായിരുന്നു.
എന്നാല്‍ കെവിനൊപ്പം താമസിക്കാനാണ് ഇഷ്ടമെന്നു പെണ്‍കുട്ടി പറയുകയായിരുന്നു. എന്നാല്‍ അത് പരിഗണിക്കാതെ വീട്ടുകാര്‍ക്കൊപ്പം പോകാന്‍ പോലീസ് നിര്‍ദേശിക്കുകയായിരുന്നു. നീനു പ്രതിഷേധിച്ചപ്പോഴാണ് കെവിനൊപ്പം പോകാന്‍ പോലീസ് നിര്‍ദേശിച്ചത്. മൂന്ന് വര്‍ഷമായി കെവിനുമായി നീനു പ്രണയത്തിലായിരുന്നു. ഇതിനൊടുവില്‍ വെള്ളിയാഴ്ചയാണ് ഇവര്‍ റജിസ്റ്റര്‍ വിവാഹം കഴിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ഗള്‍ഫില്‍ നിന്നും അവധിക്കെത്തിയപ്പോള്‍ നീനുവിന്റെ സഹോദരനാണ് തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണം ചെയ്തത്.






