
കോട്ടയം: നീനുവിന് മറ്റൊരു വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചതോടെയാണ് മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം കഴിക്കാമെന്ന തീരുമാനത്തില്‍ ഇരുവരും എത്തിയത്. അതേതുടര്ന്ന് മൂന്നു ദിവസങ്ങള്‍ക്കു മുമ്പ് ഇരുവരും ഏറ്റുമാനൂരില്‍ വെച്ച് രജിസ്റ്റര്‍ വിവാഹം ചെയ്തു. എന്നാല്‍ ദുരഭിമാനബോധവും പോലീസിന്റെ അനാസ്ഥയും ഈ പ്രണയത്തെ കണ്ണീരിലൊതുക്കുകയായിരുന്നു.
ഹിന്ദു ചേരമര്‍ വിഭാഗത്തില്‍പ്പെട്ട കെവിന്റെ വീട്ടുകാര്‍ പിന്നീട് ക്രിസ്തുമതം സ്വീകരിച്ചവരാണ്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വീട്ടിലെ അംഗമായ കെവിനുമായുള്ള ബന്ധം റോമന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ട സാമ്പത്തികമാി ഉയര്‍ന്നു നില്ക്കുന്ന നീനുവിന്റെ വീട്ടുകാരെ ചൊടിപ്പിക്കുകയായിരുന്നു. നീനുവിന്റെ സഹോദരന് ഉള്‍പ്പെടെയുള്ള സംഘമാണ് കെവിനെ തട്ടിക്കൊണ്ടുപോയത്.
കോട്ടയത്തുള്ള കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു നീനു. 24 നു പരീക്ഷ വിവരം അറിയാനാണ് നീനു കോട്ടയത്തെത്തിയത്. തുടര്‍ന്ന് വൈകിട്ട് 7.30 നു നീനു വീട്ടില്‍ വിളിച്ച് കെവിനുമായുള്ള വിവാഹം കഴിഞ്ഞെന്ന് അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ തിരികെ വിളിച്ചങ്കെിലും ഫോണ്‍ എടുത്തില്ല. ഇതേതുടര്‍ന്ന് 25 നു ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. കെവിനെയും നീനുവിനേയും പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തുകയും കെവിനൊപ്പം താമസിക്കാനാണ് താല്പര്യമെന്ന് നീനു അറിയിക്കുകയായിരുന്നു. വിവാഹത്തിനു ശേഷം ഭീഷണി നേരിട്ടതിനാല്‍ നീനുവിനെ ഹോസ്റ്റലില്‍ കൊണ്ടുചെന്ന് ആക്കുകയും, കെവിന് മാന്നാനത്തെ ബന്ധുവീട്ടിലേക്ക് താമസം മാറുകയും ചെയ്തു.






