
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷന്‍ സംബന്ധിച്ച് പഠനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഗതാഗത കമ്മീഷണര്‍ നേതൃത്വം നല്‍കുന്ന സമിതിയില്‍ ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരാണ് പ്രധാന അംഗങ്ങള്‍. രണ്ട് വിഭാഗങ്ങളായി വിഷയങ്ങള്‍ തരംതിരിച്ച് പഠനം നടത്താനാണ് തീരുമാനം. ഫീസ് അടച്ച് അനുവദിക്കാവുന്ന മോഡിഫിക്കേഷനുകള്‍ ഉള്‍പ്പെടെ സമിതി പരിശോധിക്കും.
വാഹനങ്ങളില്‍ സ്റ്റിക്കര്‍ ഒട്ടിക്കല്‍, നിറം മാറ്റം തുടങ്ങിയ മാറ്റങ്ങളും സമിതി വിശദമായി പരിശോധിക്കും. 100 ദിവസത്തിനകം ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ജൂലൈ 1 മുതല്‍ സമിതി പ്രവര്‍ത്തനം ആരംഭിക്കും. ആവശ്യമായ സാഹചര്യത്തില്‍ കൂടുതല്‍ വിദഗ്ധരെയും ഉള്‍പ്പെടുത്തും.
അതേസമയം, റോഡപകടങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക വിദഗ്ധ സമിതിയും രൂപീകരിക്കും. ഗതാഗത മന്ത്രി സി പി ജോണ്‍ നല്‍കിയ നിര്‍ദേശപ്രകാരം ‘പോസ്റ്റ് ആക്സിഡന്റ് കമ്മിറ്റി’ എന്ന പേരിലായിരിക്കും സമിതി പ്രവര്‍ത്തിക്കുക. എംവിഡി, പൊലീസ്, പിഡബ്ല്യുഡി, കെഎസ്ഇബി എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടും. തദ്ദേശ സ്ഥാപന പ്രതിനിധികളും അംഗങ്ങളാകും.
റോഡിന്റെ അവസ്ഥ, അപകടങ്ങളുടെ കാരണങ്ങള്‍ എന്നിവ കണ്ടെത്തുന്നതിന് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് സമിതികള്‍ രൂപീകരിക്കുന്നതെന്നും നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നടപടികള്‍ തുടരുന്നതായും അധികൃതര്‍ അറിയിച്ചു.






