
തിരുവനന്തപുരം: സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മുൻമന്ത്രിയുമായ പി.രാജീവ് എൽഡിഎഫ് കൺവീനർ ആയേക്കുമെന്ന് സൂചന. നിലവിലെ കൺവീനർ ടി പി രാമകൃഷ്ണന്‍ പദവി ഒഴിയാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചു എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. പുതിയ മാറ്റം മുന്നണിക്ക് ഗുണകരമാവുമോ എന്ന് ആലോചനകൾ നടക്കുന്നു.
മുന്നണിയുടെ യുവമുഖം എന്ന നിലയിലും മന്ത്രി എന്ന നിലയിൽ കാഴ്ചവച്ച മികവും പി. രാജീവിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ. എൽഡിഎഫ് നേരിട്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പരാജയങ്ങളിലൊന്നായിരുന്നു കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലേത്. ഇതിനു ശേഷം പതറിപ്പോയ സിപിഎമ്മും മുന്നണിയും പി. രാജീവിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കുമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ, ഏറ്റവും മുതിർന്ന സിപിഎം നേതാവായ പിണറായി വിജയനെയാണ് ആ ദൗത്യം ഏൽപ്പിച്ചത്.
അതേസമയം തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് എന്തു മറുപടി പറയണെമെന്ന് പാർട്ടി ഇരുട്ടിൽ തപ്പുമ്പോഴും എന്തെങ്കിലും ഒരു മറുപടി പറയാൻ ആദ്യം ധൈര്യം കാണിച്ചത് പി.രാജീവ് ആയിരുന്നു. തെരഞ്ഞടുപ്പ് വേളയിൽ പാർട്ടി ഉയർത്തിയ ‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം വിപരീത ഫലമുണ്ടാക്കിയെന്നും പാർട്ടിക്ക് പുതിയ സമരമുറകൾ ആവശ്യമാണെന്നും പി രാജീവ് അഭിപ്രായപ്പെട്ടത് വലിയ ചർച്ചയായിരുന്നു. മലപ്പുറത്ത് ഇഎംഎസ് അനുസ്മരണ പരിപാടിയിൽ വച്ചായിരുന്നു അഭിപ്രായപ്രകടനം.
ഇത്തവണ വിജയം ഉറപ്പാണെന്ന് കരുതിയിരുന്നുവെങ്കിലും പി രാജീവ് മുസ്ലിം ലീഗിന്റെ വി ഇ അബ്ദുല്‍ ഗഫൂറിനോട് 16,312 വോട്ടിന് പരാജയപ്പെട്ടിരുന്നു. മന്ത്രി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ച രാജീവിനെ നേതൃനിരയിലേക്ക് ഉയർത്തിക്കൊണ്ടുവരണമെന്ന ചർച്ച സജീവമായ സമയത്താണ് എൽഡിഫ് കൺവീനർ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന വാർത്തകളും പുറത്തുവരുന്നത്.






