ന്യൂഡല്‍ഹി: എയര്‍ ഏഷ്യ വിമാനക്കമ്പനിയുടെ സി.ഇ.ഒ ടോണി ഫെര്‍ണാണ്ടസിനെതിരെ സി.ബി.ഐ കേസെടുത്തു. അന്താരാഷ്ട്ര ഫ്ളൈയിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തിയ ഇടപെടലുകളാണ് കേസിന് ആധാരം. ഏവിയേഷന്‍ സെക്ടറിലെ 5/20 റൂളുകള്‍ ലംഘിച്ചുവെന്നാണ് ആരോപണം.
ഫോറിന് ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന് ബോര്‍ഡിന്റെ റൂളുകള്‍ ലംഘിച്ചതായും ആരോപണമുണ്ട്. അന്താരാഷ്ട്ര സര്‍വീസിന് ലൈസന്‍സ് ലഭിക്കുന്നതിനായി അപേക്ഷിക്കുന്ന കമ്പനികള്‍ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷത്തെ ആഭ്യന്തര സര്‍വീസ് നടത്തിയ പരിചയവും 20 എയര്ക്രാഫ്റ്റുകളെങ്കിലും സ്വന്തമായി ഉണ്ടായിരിക്കണമെന്നുമാണ് 5/20 റൂള്‍ പറയുന്നത്. റൂള്‍ 5/20 മറികടക്കുന്നതിനും റെഗുലേറ്ററി നയങ്ങള്‍ മാറ്റുന്നതിനും സര്‍ക്കാരില്‍ സ്വാധീനം ചെലുത്തിയെന്നാണ് കേസ്.
കേസില്‍ ടോണി ഫെര്‍ണാണ്ടസിന് പുറമെ സുനില്‍ കപൂര്‍, എയര്‍ ഏഷ്യ ഡയറക്ടര്‍ ആര് വെങ്കിട്ടരാമന്, ഏവിയേഷന്‍ കണ്‍സള്‍ട്ടന്റ് ദീപക് തല്‍വാര്‍, സിംഗപ്പൂരിലെ എസ്.എന്‍.ആര് ട്രേഡിംഗ് ഡയറക്ടര്‍ രാജേന്ദ്ര ദുബൈ എന്നിവരും കേന്ദ്ര സര്‍ക്കാരിലെ ചില ഉന്നതോദ്യോഗസ്ഥരും പ്രതികളാണ്.






