
കൊല്ലം: പ്രണയിച്ചു വിവാഹം കഴിച്ചതിന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നീനുവിന്റെ മാതാപിതാക്കളും സഹോദരന് ഷാനുവും പ്രണയിച്ചു വിവാഹം കഴിച്ചവര്‍. മകളുടേതിന് സമാനമായ രീതിയില്‍ തെന്മലയില് കോളിളക്കം സൃഷ്ടിച്ച പ്രണയത്തിന് ശേഷമായിരുന്നു നീനുവിന്റെ പിതാവ് ചാക്കോയും മാതാവ് രഹ്ന ബീവിയും വിവാഹിതരായത്. ഷാനുവും പ്രണയിച്ചായിരുന്നു വിവാഹം കഴിച്ചത്.
നീനുവിന്റെ പിതാവ് ചാക്കോ ക്രിസ്ത്യാനിയും മാതാവ് രഹ്ന ബീവി മുസ്ലിമുമാണ്. കാല്‍നൂറ്റാണ്ടു മുമ്പുണ്ടായ സംഭവങ്ങള്‍ നാട്ടുകാര്‍ മറന്നിട്ടില്ല. അന്നു രഹനയുടെ വീട്ടുകാര്‍ വിവാഹത്തിനു സമ്മതം മൂളിയപ്പോള്‍ ചാക്കോയുടെ ബന്ധുക്കള്‍ എതിര്‍ത്തു. ഇതിന്റെ പേരില്‍ പിന്നീടു തെന്മല പോലീസ് സ്റ്റേഷനില്‍ കേസുണ്ടായി. പിന്നീട് ഒത്തുതീര്‍പ്പിലൂടെയാണു വിവാഹം നടന്നതെന്നും നാട്ടുകാര്‍ ഇപ്പോഴും ഓര്‍മിക്കുന്നു. ചാക്കോയുടെ ബന്ധുക്കള്‍ വിവാഹത്തില്‍ സഹകരിച്ചിരുന്നില്ല. ഇപ്പോഴും അവരുമായി വലിയ അടുപ്പവുമില്ല. പിന്നീടു ചാക്കോ വിദേശത്തു ജോലിക്കായി പോയി.
ഏതാനും വര്‍ഷത്തിനു ശേഷം രഹനയെയും കൊണ്ടുപോയി. പിന്നീട് വിദേശത്തെ ജോലി മതിയാക്കി നാട്ടില്വന്ന ചാക്കോ വീടിനു സമീപം സ്റ്റേഷനറിക്കട തുടങ്ങി. കട നോക്കിനടത്തുന്നതു ഭാര്യയാണ്. പുനലൂരിലെ സുവാര്‍ത്ത സ്വതന്ത്ര പെന്തക്കോസ്ത് സഭാംഗങ്ങളായതിനാല് മകളെ വളര്‍ത്തിയത് ക്രിസ്തിയ വിശ്വാസത്തിലാണ്. തെന്മലയില് നിന്നും ഡിഗ്രിക്ക് പഠിക്കാന്‍ എത്തിയ വേളയിലാണ് നീനുവും കെവിനും പ്രണയത്തിലായത്. അതേസമയം നീനുവിന്റെ ജ്യേഷ്ഠസഹോദരനായ ഷാനു തിരുവനന്തപുരം സ്വദേശിനിയെയാണു വിവാഹം കഴിച്ചത്.
കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ നയിച്ച ഷാനു കേസില്‍ ഒന്നാം പ്രതിയാണ്. ചാക്കോ പതിനാലാം പ്രതിയും. തന്റെ മാതാപിതാക്കള്‍ അറിയാതെ സഹോദരനും കൂട്ടരും കെവിനെ തട്ടിക്കൊണ്ടുപോകില്ലെന്നു നീനു പോലീസിനു മൊഴി നല്‍കിയിരുന്നു. തന്റെ മാതാപിതാക്കള്‍ അറിയാതെ നിയാസും ഇഷാനും എങ്ങനെ കൊലപാതകം ചെയ്യുമെന്നും നീനു ചോദിച്ചു.
കെവിന്റെ മരണത്തെക്കുറിച്ച് അവര്‍ക്കു വ്യക്തമായി അറിയാം. പ്രണയത്തെക്കുറിച്ചു വീട്ടുകാര്‍ക്കറിയില്ലായിരുന്നു. പരീക്ഷയാണെന്നു പറഞ്ഞാണു വീട്ടില്‍നിന്നിറങ്ങിയത്. വിവാഹം രജിസ്റ്റര്‍ ചെയ്തശേഷമാണ് അവരെ അറിയിച്ചത്. നേരിട്ടുകണ്ടാല്‍ വെട്ടുമെന്നു ബന്ധുവായ നിയാസ് കെവിനോടു പറഞ്ഞു. ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തി. അച്ഛനു സുഖമില്ലെന്നു പറഞ്ഞു പിന്നീടു നിയാസ് വിളിച്ചിരുന്നു. തിരക്കിയപ്പോള്‍ അങ്ങനെയില്ലെന്ന് അറിഞ്ഞു.






