
അരുണാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്ന് മിന്നൽ പ്രളയം; വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ലോവർ സുബാൻസിരി, കെയ് പന്യോർ ജില്ലകളിലാണ് പ്രധാനമായും ദുരന്തം ബാധിച്ചത്. യാസാലിയിലെ നീപ്‌കോ കോളനിയിൽ ഏകദേശം പതിനഞ്ചോളം വീടുകൾ തകർന്നതായും ദേശീയപാതയിലെ ഒരു പാലം ഒഴുകിപ്പോയതായും അധികൃതർ അറിയിച്ചു.
അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കുടുങ്ങിക്കിടന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ഭരണകൂടം വ്യക്തമാക്കി. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ തടസ്സമായി. പൂസയിലെ നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപ്പറേഷന്റെ (NEEPCO) പദ്ധതിക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ ഒന്നിലധികം മണ്ണിടിച്ചിലിനെ തുടർന്ന് ഒറ്റപ്പെട്ട നിലയിലായി. പദ്ധതിയുടെ ഹെലിപാഡും തകർന്നു, റോഡ് ബന്ധവും വിച്ഛേദിക്കപ്പെട്ടു.
മുൻകരുതലിന്റെ ഭാഗമായി നീപ്‌കോ പവർഹൗസ് താൽക്കാലികമായി അടച്ചുപൂട്ടി, അണക്കെട്ടിൽ നിന്ന് നിയന്ത്രിതമായി വെള്ളം പുറത്തുവിടൽ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.






