
തിരുവനന്തപുരം: എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിനെതിരേയായിരുന്നു എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ച്. മാർച്ചിനിടെ ബ്ലേഡുകൊണ്ട് പ്രതിഷേധക്കാർ പോലീസിനെ ആക്രമിച്ചുവെന്ന് ആരോപണം.
മാര്‍ച്ചിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചതായാണ് പോലീസിന്റെ ആരോപണം. എന്നാല്‍ തങ്ങളെയാണ് ബ്ലേഡ് കൊണ്ട് പോലീസ് ആക്രമിച്ചതെന്നാണ് എസ്എഫ്‌ഐ നേതൃത്വം ആരോപിക്കുന്നത്. ഇതിന് തെളിവായി സംഭവസ്ഥലത്തുനിന്നും ലഭിച്ച ബ്ലേഡുകളുടെ ചിത്രം പുറത്തു വിട്ടിട്ടുണ്ട്. ബ്ലേഡ് കൊണ്ടുവന്നത് ആരാണെന്ന് കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്നും കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.
ബ്ലേഡ് കൊണ്ടുള്ള പോലീസ് ആക്രമണത്തില്‍ ഇരുപതോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തില്‍ പെണ്‍കുട്ടികള്‍ക്കും പരിക്ക് പറ്റി. കോവളം ഏരിയ കമ്മിറ്റി മെമ്പര്‍ അശ്വിന്റെ മുതുകിലാണ് പൊലീസ് ബ്ലേഡ് കൊണ്ട് വരച്ചതെന്നും വിതുര ഏരിയ ജോയിന്റ് സെക്രട്ടറിക്കും പരിക്ക് പറ്റിയെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.






