
ചെന്നൈ: കാലിന്മേല് കാല് കയറ്റി വച്ചിരുന്നതിന് തമിഴ്നാട്ടില്‍ മൂന്ന് ദളിതരെ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കച്ചാനന്തം എന്ന ഗ്രാമത്തിലാണ് സംഭവമുണ്ടായിരിക്കുന്നത്. ഉയര്‍ന്ന ജാതിക്കാരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രിയാണ് ആക്രമണം അരങ്ങേറിയത്.
65കാരനായ കെ. ആറുമുഖം 31 കാരനായ എ. ഷണ്മുഖാനന്ദന് എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചന്ദ്രശേഖര്‍ മധുരൈ സര്‍ക്കാര്‍ രാജാജി ആശുപത്രിയില്‍ വച്ച് മരിച്ചു.
മെയ് 26നാണ് സംഭവങ്ങള്‍ തുടങ്ങുന്നത്. പ്രദേശത്തെ കറുപ്പുസ്വാമി ക്ഷേത്രത്തിന് രണ്ട് ദളിത് യുവാക്കള്‍ കാലിന്മേല് കാല് കയറ്റി വച്ചിരുന്നതാണ് മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയത്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. തങ്ങളെ ആക്ഷേപിക്കുകയാണെന്ന് ആരോപിച്ചാണ് വാക്കേറ്റമുണ്ടായത്. പിന്നീട് ഇത് ഒരു വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് മാറുകയായിരുന്നു.
ദളിതര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് ചന്ദ്രകുമാര്‍ എന്നയാളെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരനടപടിയായി ദളിതര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ആയുദ്ധങ്ങളുമായെത്തിയ അക്രമികള്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം ആക്രമിക്കുകയായിരുന്നു. പ്രത്യേകം ആളുകളെ കണക്കുകൂട്ടി വധിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തില്‍ നിരവധി വീടുകളും തകര്‍ത്തു. ജില്ലാ കളക്ടര്‍ സംഭവത്തിലിടപെട്ട് പോലീസുകാര്‍ക്കെതിരെ നടപടിയും സ്വീകരിച്ചിട്ടുണ്ട്.






