
തിരുവനന്തപുരം: ചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് പിന്നാലെ തദ്ദേശ ഉപതെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് മികച്ച നേട്ടം. വിവിധ ജില്ലകളിലായി തെരഞ്ഞെടുപ്പ് നടന്ന 19 സീറ്റില് 12 എണ്ണവും ഇടതു മുന്നണി നേടി. 35 വര്ഷമായി കോണ്ഗ്രസ് വിജയിച്ചിരുന്ന വിളപ്പില്ശാല കരുവിലാഞ്ചേരി വാര്ഡ് ഉള്പ്പെടെ മൂന്ന് വാര്ഡുകള് യു.ഡി.എഫില് നിന്ന് എല്.ഡി.എഫ് പിടിച്ചെടുത്തു.
വിളപ്പില്ശാല കരുവിലാഞ്ചേരി വാര്ഡില് 518 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്ഗ്രസിലെ വിജയകുമാറിനെ സി.പി.എമ്മിന്റെ ആര്.എസ് രതീഷ് പരാജയപ്പെടുത്തിയത്. ഇരിട്ടി നഗരസഭയിലെ ആട്ടല്യം വാര്ഡ് എല്.ഡി.എഫ് നിലനിര്ത്തി. സി.പി.എമ്മിലെ കെ. അനിത ഇവിടെ വിജയിച്ചു. സി.പി.എം അംഗമായിരുന്ന വി അനിത സര്ക്കാര് ജോലി ലഭിച്ചതിനെ തുടര്ന്ന് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
പാപ്പിനിശേരി പഞ്ചായത്തിലെ ധര്മ്മകിണര് വാര്ഡ് എല്.ഡി.എഫ് നിലനിര്ത്തി. സി.പി.എമ്മിലെ എം. സീമ 478 വോട്ടിന് വിജയിച്ചു. സി.പി.എം അംഗമായിരുന്ന കണ്ടേന് മുകേഷ് സര്ക്കാര് ജോലി രാജിവച്ച ഒഴിവിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. ഉളിക്കല് പഞ്ചായത്തിലെ കതുവാപ്പറമ്പ് വാര്ഡ് യു.ഡി.എഫ് നിലനിര്ത്തി. കോണ്ഗ്രസിലെ ജെസി ജെയിംസ് 258 വോട്ടിന് വിജയിച്ചു.
കൊല്ലം കോര്പ്പറേഷനിലെ അമ്മന്നട ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില് എല്.ഡി.എഫ് സീറ്റ് നിലനിര്ത്തി. സി.പി.എം സ്ഥാനാര്ത്ഥി ചന്ദ്രികാദേവി 242 വോട്ടിന് ഇവിടെ വിജയിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ചാത്തന്നൂര് വടക്ക് ഡിവിഷന് എല്.ഡി.എഫ് നിലനിര്ത്തി. സി.പി.എം സ്ഥാനാര്ത്ഥി ആര്.എസ് ജയലക്ഷ്മി 1581 വോട്ടിന് ഈ സീറ്റില് വിജയിച്ചു.
പാലക്കാട് കുഴല്മന്ദം ബ്ലോക്കിലെ കോട്ടായി ഡിവിഷന് എല്.ഡി.എഫ് നിലനിര്ത്തി. സി.പി.എമ്മിലെ കെ. ജയരാജനാണ് വിജയിച്ചത്. ഭൂരിപക്ഷം 1403. ചെര്പ്പുളശേരി നഗരസഭയില് ഉപതെരഞ്ഞെടുപ്പ് നടന്ന ഏക സീറ്റ് സി.പി.എം നിലനിര്ത്തി. നിരപ്പറമ്പ് വാര്ഡില് സി.പി.എമ്മിലെ ഷാജി പാറയ്ക്കല് വിജയിച്ചു. സി.പി.എം അംഗത്തിന്റെ മരണത്തെ തുടര്ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
പത്തനംതിട്ടയില് ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് വാര്ഡുകളില് മൂന്ന് എണ്ണം ഇടതുമുന്നണിയും രണ്ട് സീറ്റ് യു.ഡി.എഫും നേടി. യു.ഡി.എഫിന്റെ രണ്ട് സിറ്റിംഗ് സീറ്റുകള് എല്.ഡി.എഫ് പിടിച്ചെടുത്തു. മലപ്പുറം ജില്ലയില് ഉപതെരഞ്ഞെടുപ്പ് നടന്ന പോത്തുകല് പഞ്ചായത്തിലെ പോത്തുകല് വാര്ഡ് യു.ഡി.എഫ് വിജയിച്ചു. സി.പി.എം അംഗമായിരുന്ന സുലൈമാന് ഹാജി രാജിവച്ച് യു.ഡി.എഫ് സ്ഥാനാര്ത്ഥിയായി മത്സരിക്കുകയായിരുന്നു. മഞ്ചേരി നഗരസഭയിലെ പാലക്കുളം വാര്ഡ് യു.ഡി.എഫ് നിലനിര്ത്തി.
കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി പഞ്ചായത്തിലെ 12-ാം വാര്ഡ് എല്.ഡി.എഫ് നിലനിര്ത്തി. സി.പി.എമ്മിന്റെ രമ കൊട്ടാരത്തില് 274 വോട്ടിന്റെ ഭുരിപക്ഷത്തില് വിജയിച്ചു. എല്.ഡി.എഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്. കൊയിലാണ്ടി നഗരസഭയിലെ പതിനഞ്ചാം വാര്ഡില് എല്.ഡി.എഫ് വിജയിച്ചു. എറണാകുളം ജില്ലയിലെ പള്ളിപ്പുറം പഞ്ചായത്തിലെ പതിനഞ്ചാം വാര്ഡ് യു.ഡി.എഫ് പിടിച്ചെടുത്തു. ഇടുക്കി ജില്ലയിലെ കട്ടപ്പന നഗരസഭ ആറാം വാര്ഡ് യു.ഡി.എഫ് വിജയിച്ചു.







Comments