
മുംബൈ: തട്ടിപ്പിന് നിന്നുകൊടുക്കുക എന്ന് കേട്ടിട്ടേയുള്ളൂ. ഹൈടെക് കള്ളന്റെ വാക്കുകേട്ട് രഹസ്യ പിന്‍കോഡ് പറഞ്ഞുകൊടുത്ത യുവതിക്ക് നഷ്ടപ്പെട്ടത് ഏഴു ലക്ഷത്തോളം രൂപ. അതും 28 തവണയാണ് കള്ളന് പിന്നമ്പറിനു വേണ്ടി വിളിച്ചത്. വായ്പ എടുത്ത ഏഴര ലക്ഷം രൂപയില്‍ നിന്നാണ് കള്ളന് 6.97 രൂപ അടിച്ചുമാറ്റിയത്.
മുംബൈയിലെ നെറുള്‍ സെക്ടര്‍ 23 സ്വദേശിനിയായ തസ്നിം മോദക് (40) എന്ന യുവതിയെ ആണ് ബാങ്ക് ഓഫീസര്‍ ആണെന്നും പറഞ്ഞ് തട്ടിപ്പുകാരന് വിളിച്ചത്. മേയ് 17നായിരുന്നു ആദ്യം വിളിയെത്തിയത്. അക്കൗണ്ടുള്ള ബാങ്കിലെ മാനേജര്‍ എന്ന് പറഞ്ഞായിരുന്നു വിളിച്ചത്. യുവതിയുടെ ഡെബിറ്റ് കാര്‍ഡ് ചില സാങ്കേതിക കാരണങ്ങളാല്‍ ബ്ലോക്ക് ആയിരിക്കുകയാണെന്നും അത് നീക്കുന്നതിന് പിന് നമ്പര്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു.
പിന് നമ്പര്‍ മാത്രമല്ല, അക്കൗണ്ട് നമ്പറും കാര്‍ഡിലെ നമ്പറും തുടങ്ങി എല്ലാ വിവരങ്ങളും അവര്‍ കൈമാറി. തസ്നിമിന്റെ അക്കൗണ്ടില്‍ നിന്ന്് തന്റെ അക്കൗണ്ടിലേക്ക് പണം മാറ്റാനായിരുന്നു തട്ടിപ്പുകാരന്റെ ശ്രമം. ഇതിനായി വണ്‍ ടൈം പാസ്വേര്ഡ് (ഒടിപി നമ്പര്‍ ) ആവശ്യമായിരുന്നു. തട്ടിപ്പുകാരന് ആവശ്യപ്പെട്ട പ്രകാരം ഒടിപി നമ്പറും അവര്‍ നല്കി.
മേയ് 17 മുതല്‍ 23 വരെ 28 തവണ ഒടിപി നമ്പറിനായി ഇയാള്‍ തസ്നിമിനെ വിളിച്ചു. അവര്‍ കൃത്യമായി നമ്പര്‍ നല്‍കുകയും ചെയ്തു. 28 തവണയായി 6.97 രൂപ ഇവരുടെ അക്കൗണ്ടില്‍ നിന്ന് കള്ളന് അടിച്ചുമാറ്റുകയും ചെയ്തു. ഓരോ തവണയും ഇടപാട് നടക്കുമ്പോള്‍ മൊബൈലില്‍ സന്ദേശം എത്തിയിരുന്നുവെങ്കിലും അവര്‍ അത് കാര്യമായി എടുത്തിരുന്നില്ല. പിന്നീട് പാസ്ബുക്ക് പതിപ്പിക്കുന്നതിനായി ബാങ്കില്‍ എത്തിയപ്പോഴാണ് അക്കൗണ്ടില്‍ നിന്ന് പണം പോയ കാര്യം അവര്‍ മനസ്സിലാക്കിയത്.
മകന്റെ വിദ്യാഭ്യാസത്തിനു വേണ്ടി 10 ലക്ഷം രൂപയാണ് വായ്പ എടുത്തിരുന്നത്. ഇതില്‍ 7.50 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. ഇതില്‍ നിന്നാണ് 6.97 രൂപ തട്ടിപ്പുകാരന് അടിച്ചുമാറ്റിയത്. ഇത്രയും തവണ പണം പോയിട്ടും അക്കൗണ്ട് ഉടമ ശ്രദ്ധിച്ചില്ലെന്ന് അറിഞ്ഞ് ബാങ്ക് ജീവനക്കാരും അമ്പരന്നു.
തട്ടിപ്പിനിരയായെന്ന് തിരിച്ചറിഞ്ഞതോടെ യുവതി പരാതി നല്കി. എന്നാല്‍ ഇതിനകം മൊബൈല്‍ നമ്പര്‍ സ്വിച്ച്ഓഫ് ചെയ്ത് കള്ളന് കടന്നുകളഞ്ഞിരുന്നു. ഐപിസി 420, 170, ഐ.ടി ആക്ടിലെ 66സി, ഡി എന്നിവ പ്രകാരം കേസെടുത്തതായി നെറുള്‍ ഇന്‍സ്പെക്ടര്‍ ബി.എന്‍ അവാതി പറഞ്ഞു. ബാങ്കില്‍ നിന്ന് ഇടപാടിന്റെ രേഖകള്‍ എടുത്ത് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.






