
ന്യൂഡല്‍ഹി: ഏഴംഗ കുടുംബത്തെ തീകൊളുത്തിക്കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ലഭിച്ചയാളുടെ ദയാഹര്‍ജി രാഷ്ര്ടപതി രാംനാഥ് കോവിന്ദ് തള്ളി. രാഷ്ര്ടപതിസ്ഥാനത്ത് എത്തിയ ശേഷം രാംനാഥ് കോവിന്ദ് പരിഗണിച്ച ആദ്യ ദയാഹര്‍ജിയാണിത്.
ബിഹാര്‍ സ്വദേശിയായ ജഗത് റായിയുടെ ദയാഹര്‍ജിയാണ് രാഷ്ര്ടപതി തള്ളിയത്. വിജേന്ദ്ര മഹ്തോ എന്നയാളെയും കുടുംബത്തെയുമാണ് ജഗത് റായി തീകൊളുത്തിക്കൊന്നത്. കൊല്ലപ്പെട്ടവരില്‍ അഞ്ചുപേര്‍ കുട്ടികളാണ്. 2006-ലാണ് വിജേന്ദ്രയെയും കുടുംബത്തെയും ജഗത് തീകൊളുത്തിക്കൊന്നത്.
പോത്തുകളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ജഗത് റായിക്കും വസീര്‍ റായി, അജയ് റായി എന്നിവര്‍ക്കെതിരെ വിജേന്ദ്ര പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ വിജേന്ദ്രയെ സമീപിച്ചുവെങ്കിലും അതിന് അദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് ജഗത് റായി വിജേന്ദ്രയുടെ വീടിന് തീയിടുകയായിരുന്നു.
ജഗത് റായിക്ക് കീഴ്ക്കോടതി വിധിച്ച വധശിക്ഷ ബിഹാര്‍ ഹൈക്കോടതിയും സുപ്രീം കോടതി ശരിവച്ചിരുന്നു. തുടര്‍ന്നാണ് രാഷ്ര്ടപതിയുടെ ദയാഹര്‍ജിക്കായി സമീപിച്ചത്. എന്നാല്‍ രാഷ്ര്ടപതി ഈ ദയാഹര്‍ജി തള്ളുകയായിരുന്നു.






