
ന്യുഡല്‍ഹി: വടക്കന്‍ ഡല്‍ഹി സ്വദേശികളെ 'റൊഹിന്‍ഗ്യകള്‍' എന്നു പരാമര്‍ശിച്ച സംഭവത്തില്‍ ഡല്‍ഹിയിലെ ഒരു ടെലിവിഷന്‍ ചാനലിനെതിരെ പ്രതിഷേധം. ചാനലിന് നോട്ടീസ് അയച്ച ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്, ആരോപണം തെളിയിക്കുന്ന റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും അല്ലാത്തപക്ഷം ചാനലിലൂടെ ഖേദംപ്രകടിപ്പിക്കുകയും റിപ്പോര്‍ട്ടര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും വേണമെന്ന് വ്യക്തമാക്കി.
മേയ് 11ന് സംപ്രേക്ഷണം ചെയ്ത ഒരു പരിപാടിയിലാണ് വടക്കന്‍ ഡല്‍ഹിയിലെ ഭവനാ സ്വദേശികളെ റൊഹിന്‍ഗ്യകള്‍ എന്നും ബംാദേശികള് എന്നും പരാമര്‍ശിച്ചത്. സംഭവത്തില്‍ ചാനല്‍ ഡയറക്ടറുടെ വിശദീകരണം തേടിയ ന്യൂനപക്ഷ കമ്മീഷന് ജൂണ്‍ 12നകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതിന് കഴിയില്ലെങ്കില്‍ നിരുപാധികം മാപ്പ് എഴുതി നല്‍കുകയും വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കി സംപ്രേക്ഷണം ചെയ്ത റിപ്പോര്‍ട്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ചാനലിലൂടെ മാപ്പ് പറയണം. ഭാവിയില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ സംപ്രക്ഷണം ചെയ്യില്ലെന്ന് ഉറപ്പ് നല്‍കണം. രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത പരത്താനാണ് ചാനല്‍ ശ്രമിച്ചതെന്നും ന്യുനപക്ഷ കമ്മീഷന് വ്യക്തമാക്കുന്നു.
കമ്മീഷന്റെ നോട്ടീസില്‍ ചാനല്‍ ഉചിതമായി പ്രതികരിച്ചില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകും. ചാനലിനെതിരെ എന്തു നടപടിയെടുത്തുവെന്ന് വിശദീകരിക്കണമെന്ന് കാണിച്ച് ഉത്തര മേഖല ഡെപ്യുട്ടി പോലീസ് കമ്മീഷണര്‍ക്കും കമ്മീഷന് നോട്ടീസ് അയച്ചിട്ടുണ്ട്.






