
കോഴിക്കോട്: നിപാ വൈറസ് ബാധയെ തുടര്ന്ന് ഒറ്റപ്പെടല് അനുഭവിക്കുന്ന കോഴിക്കോട്, മലപ്പുറം ജില്ലകളിലെ രോഗബാധിത പ്രദേശങ്ങളിലെ ജനങ്ങള് രോഗത്തെ ചെറുക്കാന് കരുതലോടെ ജീവിതശൈലിയില് തന്നെ മാറ്റം വരുത്തുന്നു. കുട്ടികള് മുതല് മുതിര്ന്നവര് വരെ നിപ വിശേഷങ്ങള് വായിച്ചും കേട്ടും കണ്ടും ഏറെ കരുതല് എടുക്കുകയാണ്. പൊതു ഇടങ്ങള് ആള്ക്കൂട്ടരഹിതമായതോടെ കുട്ടികള് മുതല് മുതിര്ന്നവര് വരെ ആരോഗ്യപരിപാലനവും വൃത്തിയും കര്ക്കശമാക്കുന്ന പുത്തന് ജീവിതശൈലിയിലേക്ക് മാറിയിരിക്കുകയാണ്.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാന് നിര്ബ്ബന്ധിതമാകുന്നു എന്നതാണ് പ്രധാന കാരണം. പുറത്തുപോയി തിരികെ വീട്ടിലെത്തിയാല് കുളിച്ചിട്ടേ വീട്ടില് കയറുന്നുള്ളൂ. ഭക്ഷണം കഴിക്കുന്നതിന് മുമ്പായി കൈ നല്ലതുപോലെ സോപ്പിട്ടു കഴുകുന്നു. പരിസരശുചിത്വത്തിന് പുറമേ ഓഫീസുകളിലും പൊതു സ്ഥലത്തും വ്യക്തിശുചിത്വം പാലിക്കുകയാണ്. ആശുപത്രികള്, ബസ് സ്റ്റാന്ഡ്, റെയില്വേ സ്റ്റേഷനുകള് എന്നിവിടങ്ങള് ആള്ത്തിരക്കൊഴിഞ്ഞു. ഗുരുതര രോഗം ബാധിച്ചവര് മാത്രമാണ് ആശുപത്രിയില് എത്തുന്നത്. ഐസിയുവില് കിടക്കുന്ന രോഗിയെ വരെ കുടുംബസമേതം പോയി സന്ദര്ശിക്കുന്ന പതിവും ആള്ക്കാര് നിര്ത്തി.
പരിസര ശുചിത്വത്തിലും ആള്ക്കാര് ശ്രദ്ധിച്ചു തുടങ്ങി. വൃത്തിയില്ലാത്ത കോഴയിറച്ചിയും പുഴൂവരിച്ച കല്ലിന്മേല് കായ വില്പ്പനയും നാട്ടുകാര് ഇടപെട്ട് തടഞ്ഞു. നിപാ വൈറസ് വ്യാപാരശാലകളെയും ദോഷകരമായി ബാധിച്ചു. അനേകം ഹോട്ടലുകളാണ് അടച്ചിരിക്കുന്നത്. ഈ സ്ഥിതിയില് മുമ്പോട്ട് പോയാല് കൂടുതല് ഹോട്ടലുകള് അടച്ചുപൂട്ടും. വസ്ത്ര വില്പ്പന ശാലകളെയും ഭക്ഷണ വില്പ്പനശാലകളെയും രൂക്ഷമായി ബാധിച്ചിരിക്കുകയാണ്.
നിപാ വൈറസ് ബാധ ആരാധനാലയങ്ങളെ വരെ ബാധിച്ചിരിക്കുകയാണ്. ക്രിസ്ത്യന് പള്ളികളിലെ കുര്ബാനയില് 'ഓസ്തി' വൈദികര് നല്കുന്നത് വിശ്വാസികളുടെ കരങ്ങളില് സ്പര്ശിക്കാതെയാണ്. ക്ഷേത്രങ്ങളില് എത്തുന്ന ഭക്തരുടെ എണ്ണത്തില് ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇസ്ളാമികളുടെ നോമ്പിനെ പോലും നിപാ ബാധിച്ചു. സമൂഹ നോമ്പുതുറകള് പലയിടത്തും നിര്ത്തി. പല പള്ളികളും അംഗശുദ്ധി വരുത്താനുള്ള ഹൗദിന്റെ ഉപയോഗം നിര്ത്തി. വീട്ടില് നിന്നോ പള്ളികളിലെ പൈപ്പില് നിന്നോ അംഗശുദ്ധി വരുത്തണമെന്നാണ് നിര്ദേശം.
അതേസമയം കോഴിക്കോട് കളക്ട്രേറ്റില് കഴിഞ്ഞ ദിവസം നടന്ന യോഗത്തില് ശുചിത്വത്തിന്റെ വിലയിരുത്തലുകള് ഉണ്ടാകുകയും ശുചിത്വകാര്യത്തില് മോശമായ പഞ്ചായത്തുകളില് ഒന്നായി മാറിയിരിക്കുന്നത് മന്ത്രിയുടെ നാട് ഉള്പ്പെട്ട പഞ്ചായത്ത് ആണെന്ന വിലയിരുത്തലുകള് ഉണ്ടായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് ശുചിത്വം പാലിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇതര സംസ്ഥാന തൊഴിലാളികള് തിങ്ങിപ്പാര്ക്കുന്നിടം മാലിന്യമുക്തമല്ല എന്ന പരാതി ഉയരുന്നുണ്ടെങ്കിലും ശുചിത്വ പരിപാലനത്തിന് വേണ്ടിയുള്ള കര്ശനമായ നടപടികളില് പ്രാദേശിക രാഷ്ട്രീയ ഇടപെടലുകള് മൂലം അസാധ്യമായി മാറുകയാണെന്നാണ് റിപ്പോര്ട്ട്.







Comments