
'കൊത്താവുന്ന ഇരയാണെങ്കിലേ കൊത്തിക്കൊണ്ട് പറക്കാവൂ...'- പ്രണയ വിവാഹത്തെ തുടര്‍ന്ന് കെവിന് നേരിടേണ്ടി വന്ന ജാതിക്കൊലയെ കുറിച്ച് ഹാദിയയുടെ അച്ഛന്റെ പ്രതികരണം ഇങ്ങനെ. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോണ് ഹാദിയയുടെ പിതാവ് അശോകന് ഇത്തരമൊരു പ്രതികരണം നടത്തിയത്.
കെവിന് കൊലചെയ്യപ്പെട്ടതിനെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു അശോകന്റെ പ്രതികരണം. നീനുവിന്റെ മാതാപിതാക്കള്‍ എന്നെക്കാള്‍ കൂടുതല്‍ ചിന്തിക്കാന്‍ ശേഷി ഉള്ളവരായിരിക്കുമെന്നും അതുകൊണ്ടായിരിക്കും അവര്‍ തന്നെപ്പോലെ ഭരണഘടനയില്‍ വിശ്വസിക്കാന്‍ പോകാതിരുന്നതെന്നും അശോകന് പറഞ്ഞു.
ശ്രീനാരായണ ഗുരു ആദ്യമായി നടത്തിയത് ഒരു മിശ്രവിവാഹമായിരുന്നു എന്നു സൂചിപ്പിച്ചപ്പോള്‍, എന്റെ അച്ഛന് ചെത്തുകാരനായിരുന്നു. ചെത്തരുതെന്ന് ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ട്. എന്റെ അച്ഛനത് അനുസരിച്ചിരുന്നുവെങ്കില്‍ എന്റെ കുടുംബം പട്ടിണിയിലാകുമായിരുന്നു. ഗുരു പറഞ്ഞത് എല്ലാം ശരിയല്ല എന്നായിരുന്നു അശോകന്റെ മറുപടി. ഒരുമാസം മുമ്പ് ഹാദിയ വിളിച്ചിരുന്നുവെന്നും ചാനലുകളിലൂടെ മാതാപിതാക്കള്‍ക്കെതിരെ അങ്ങനെയൊക്കെ പറഞ്ഞിട്ട് ഇനി വിളിക്കേണ്ടെന്നു താന്‍ പറഞ്ഞതായും അശോകന് വ്യക്തമാക്കി..
ഹാദിയ വീട്ടില്‍ നിന്നു പോയിട്ടും വീടിന് ഇപ്പോഴും പോലീസ് കാവല്‍ തുടരുകയാണെന്നും ഇത് ബുദ്ധിമുട്ടാണെന്നും അശോകന് പറഞ്ഞു. ചെറിയ വീടാണ്. എന്നാല്‍ കോടതി പറഞ്ഞാല്‍ പിന്നെ എന്തു ചെയ്യാനാകുമെന്നും അശോകന് ചോദിക്കുന്നു. തനിക്കോ ഭാര്യക്കോ യാതൊരു ഭീഷണിയുമില്ല. എന്നാലും എവിടെ പോകുമ്പോഴും പോലീസുകാര്‍ ഒപ്പമുണ്ട്. ഇതിന് എന്താണ് ഒരു പരിഹാരമെന്ന് തന്റെ വക്കീലിനോട് ചോദിച്ചിട്ടുണ്ടെന്നും അശോകന് പറഞ്ഞു.






