
''അവന്റെ കരച്ചില് കണ്ടുകൊണ്ടു നില്ക്കാനാകുമായിരുന്നില്ല. എന്റെ മോന് കരയുന്നത് പോലെ തോന്നി. അവന് പാലു കൊടുക്കാതെ പോകാന്‍ തോന്നിയില്ല. അത്രേയുള്ളൂ.'' വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി സ്റ്റേഷനില്‍ എത്തിച്ച കുഞ്ഞിന് മുലകൊടുത്ത ബംഗലുരു പോലീസിലെ അര്‍ച്ചനയുടെ അമ്മമനസ്സിനെ പ്രകീര്‍ത്തിച്ച് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്.
അര്‍ച്ചനയുടെ നന്മയെയും ഉള്ളിലെ മാതൃത്വത്തെയും കുറിച്ചുള്ള വാര്‍ത്ത പുറത്തു വിട്ടത് ബംഗലുരു പോലീസ് തന്നെയാണ്. അവരുടെ ഫേസ്ബുക്ക് പേജിലായിരുന്നു വാര്‍ത്ത പങ്കുവെച്ചത്. സബ് ഇന്‍സ്പെക്ടര്‍ ആര് നാഗേഷ് വഴിയരികില്‍ നിന്നും കണ്ടെത്തിയ കുഞ്ഞിനെ സ്റ്റേഷനില്‍ കൊണ്ടു വന്നപ്പോഴായിരുന്നു അര്‍ച്ചന കുഞ്ഞിന് മുലയൂട്ടിയത്. മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ അമ്മയായ അര്‍ച്ചന പ്രസവവാവധി കഴിഞ്ഞ് തിരികെ ജോലിയില്‍ കയറിയിട്ട് ദിവസങ്ങളേ ആകുന്നുള്ളൂ.
ബംഗലുരുവിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപത്ത് കെട്ടിട നിര്‍മ്മാണ പരിസരത്ത് നിന്നുമാണ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ആര് നാഗേഷിന് കുട്ടിയെ കിട്ടിയത്. ഇവിടെയെത്തിയപ്പോള്‍ ജനിച്ച അധികസമയമാകാത്ത ചോരക്കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാഗേഷിന്റെ കണ്ണില്‍ പെടുകയായിരുന്നു. കുഞ്ഞിന്റെ ദേഹത്ത് നിന്നും ചോരപോലും തുടച്ചു മാറ്റിയിരുന്നില്ല. കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിക്കിടക്കുകയായിരുന്നു. കുഞ്ഞിനെ ഉടന്‍ തന്നെ നാഗേഷ് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു പരിശോധനകള്‍ നടത്തി കുഴപ്പമില്ലെന്ന് ഉറപ്പാക്കി.
പിന്നീട് കുഞ്ഞുമായി സ്റ്റേഷനില്‍ എത്തുമ്പോള്‍ അര്‍ച്ചനയും അവിടെയുണ്ടായിരുന്നു. കുഞ്ഞ് കരഞ്ഞപ്പോള്‍ അര്‍ച്ചന അതിനെ എടുത്ത് മുലയൂട്ടുകയായിരുന്നു. കുഞ്ഞിന്റെ കരച്ചില് സഹിക്കാന്‍ കഴിയുമായിരുന്നില്ലെന്നും സ്വന്തം കുഞ്ഞ് കരയുന്നത് പോലെ തോന്നിയെന്നും അവന് പാലു കൊടുക്കാതെ പോകാന്‍ തോന്നിയില്ലെന്നും പിന്നീട് അര്‍ച്ചന വ്യക്തമാക്കി. നാഗേഷിനും അര്‍ച്ചനയ്ക്കും ഇപ്പോള്‍ അഭിനന്ദനങ്ങളുടെ കൂമ്പാരമാണ് എത്തുന്നത്.






