
അഞ്ചല്‍: നാലു വയസുകാരനായ എല്‍കെജി വിദ്യാര്‍ത്ഥിയെ സ്കൂള്‍ മുറിയില്‍ മറന്നു പൂട്ടി അധികൃതര്‍ സ്ഥലംവിട്ടു. അഞ്ചല്‍ അലയമണ്‍ ഗവ.എല്‍പി. സ്കൂളിലാണു നാലു വയസുകാരനെ മറന്നു സ്കൂള്‍ പൂട്ടി പുറത്തു പോയത്. വൈകിട്ടു മൂന്നു മണിയോടെ ക്ലാസ് അവസാനിച്ചപ്പോള്‍ കുട്ടി സ്കൂളില്‍ ഇരിക്കുന്നത് കാണാതെ അധികൃതര്‍ ക്ലാസ് മുറി പൂട്ടുകയായിരുന്നു.
തുടര്‍ന്ന് സ്കൂള്‍ ബസില്‍ കുട്ടിയെ കാണാതായതോടെയാണു വിവരം പുറത്താകുന്നത്. സ്കൂളിനു രണ്ടു കിലോമീറ്റര്‍ അകലെയായിട്ടാണ് കുട്ടി താമസിക്കുന്നത്.കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞ് രക്ഷിതാക്കളും നാട്ടുകാരും പരിഭ്രമത്തിലായി. ഇതിനിടെ പോലീസില്‍ വിവരം അറിയിച്ചിരുന്നു. സംഭവസ്ഥലത്ത് എത്തിയ പോലീസിന്റെ നിര്‍ദേശ പ്രകാരം അധ്യാപകര്‍ ക്ലാസ് മുറി തുറന്നു പരിശോധിച്ചപ്പോഴാണ് ഭയന്ന് കരയുന്ന കുട്ടിയെ മുറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയത്.
സംഭവസ്ഥലത്ത് എത്തിയ അധ്യാപകര്‍ സ്കൂളില്‍ കുട്ടി ഇല്ലെന്ന് ഉറപ്പിച്ചു പറഞ്ഞുവെങ്കിലും പോലീസ് ഉദ്യോഗസ്ഥന്റെ കര്‍ശന നിര്‍ദേശ പ്രകാരമാണ് ക്ലാസ് മുറി തുറന്നു പരിശോധിച്ചത്. രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.






