
ബെംഗുളൂരു : ക്ഷേത്രത്തിന് പുറത്തു നടക്കുന്ന പൂജകള്‍ ഈശ്വര സന്നിധിയില്‍ എത്തില്ലെന്ന സര്‍ക്കുലറുമായി ക്ഷേത്ര ഭാരവാഹികള്‍. ദക്ഷിണ കന്നഡയിലെ കുക്കേ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സമിതിയാണ് ക്ഷേത്രത്തിന് പുറത്തു ചെയ്യുന്ന പൂജകള്‍ക്കെതിരെ സര്‍ക്കുലറുമായി രംഗത്തെത്തിയിരിക്കുന്നത്. ക്ഷേത്രത്തിന് പുറത്തുള്ള ഇടനിലക്കാര്‍ വഴി സ്വകാര്യ പൂജകള്‍ ചെയ്ത് ഭക്തരെ കൊള്ളയടിക്കുന്ന സംഭവങ്ങള്‍ പതിവായതോടെയാണ് ക്ഷേത്രത്തിന് പുറത്തുള്ള പൂജകള്‍ക്കെതിരെ ഭാരവാഹികള്‍ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
ക്ഷേത്രത്തിന് പുറത്തും നദീ പരിസരങ്ങളിലും വീടുകളിലും ഹാളുകളിലും മറ്റും നടത്തുന്ന ഇത്തരം പൂജകള്‍ ക്ഷേത്രത്തിലെ സുബ്രഹ്മണ്യ വിഗ്രഹത്തിലേയ്ക്ക് എത്തില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.
കര്‍ണാടകത്തിലെ ഏറ്റവും സമ്പന്നമായ കുക്കേ ക്ഷേത്രത്തിലേയ്ക്കുള്ള വരുമാനത്തിന് പ്രധാന കാരണം ക്ഷേത്രത്തിലെ വിവിധ സേവകളാണ്. 95 കോടിയോളമാണ് ക്ഷേത്രത്തിലെ വാര്‍ഷിക വരുമാനം. ദിവസവും പതിനായിരത്തോളം ഭക്തരാണ് ക്ഷേത്രത്തില്‍ എത്തുന്നത്. എന്നാല്‍, പുതുതായി വളര്‍ന്നു വന്ന സമാന്തര പൂജക്കാരും ബ്രോക്കറമാരും ക്ഷേത്ര വരുമാനത്തെ കാര്യമായി കുറയ്ക്കുന്നുവെന്ന് മനസ്സിലായതോടെയാണ് ക്ഷേത്ര സമിതിയുടെ പുതിയ നീക്കം.






