
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: സ്‌പെയിന്‍-പോര്‍ച്ചുഗല്‍ മത്സരം വീണ്ടും നിറഞ്ഞു നില്‍ക്കുന്നതിന് കാരണങ്ങള്‍ പലതാണ്. പോര്‍ച്ചുഗല്‍ താരം റോണോയുടെ ഹാട്രിക്, സ്‌പെയിനിന്റെ ഒഴുക്കോടെയുള്ള ത്രസിപ്പിക്കുന്ന കളി, പിറന്ന ആറു ഗോളുകള്‍ എല്ലാത്തിനും മേലേ ചരിത്രമായ കോസ്റ്റയുടെ ആ ഗോള്‍.
മത്സരത്തിന്റെ നാലാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കിയാണ് സാക്ഷാല്‍ ക്രിസ്റ്റിയാന റോണാള്‍ഡോ കളം നിറഞ്ഞത്. മറുപടിയായി ഇരുപത്തിനാലാം മിനിറ്റില്‍ ഡിയാഗോ കോസ്റ്റ ഗോള്‍ വല ചലിപ്പിച്ചു. സ്പാനിഷ് താരങ്ങളും ആരാധകരും മതിമറന്ന് സന്തോഷിക്കുന്നതിനിടയിലേക്ക് അപ്രതീക്ഷിതമായ 'വാര്‍' കടന്നുവന്നത്.
ഇറ്റലിക്കാരന്‍ റഫറി റോച്ചി ജിയാന്‍ലൂക്കയ്ക്ക് കോസ്റ്റയുടെ ഗോളില്‍ സംശയം. ആ സംശയമാണ് പിന്നീട് ചരിത്രമായത്. ഗോളിനായി പന്തുമായി മുന്നോട്ടു പോകുന്നതിന് തൊട്ടുമുമ്പ് ബോക്‌സിനരികില്‍ ഡിയാഗോ കോസ്റ്റ പോര്‍ച്ചുഗല്‍ താരം പെപ്പെയുമായി കൂട്ടിയിടിക്കുന്നു. അത് മനപൂര്‍വ്വമാണോ, ഫൗള്‍ അനുവദിക്കണോ എന്നതാണ് റഫറിയെ കുഴക്കിയത്. ഇതോടെ റഫറി വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായം തേടുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിലാദ്യമായി വാര്‍(വീഡിയോ അസിസ്റ്റന്റ് റിവ്യൂ) സംവിധാനം ഉപയോഗിച്ചു. വീഡിയോ അസിസ്റ്റന്റ് റഫറിയുടെ തീരുമാനം വന്നു. അങ്ങനെ റഫറി റോച്ചി ജിയാന്‍ ലൂക്കയും മത്സരവും ചരിത്രത്തില്‍ ഇടംപിടിച്ചു.