
ലഖ്നൗ: സഹേദരന് വെടിയേറ്റ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഡോക്ടര്‍ കഫീല്‍ ഖാന് രംഗത്ത്. ഉത്തര്‍പ്രദേശ് പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ സഹോദരനു നേരെ വെടിയുതിര്‍ത്ത അക്രമികളെ ബി.ജെ.പി എംപിയാണ് വാടകയ്ക്കെടുത്തതെന്ന് കഫീല്‍ ഖാന് ആരോപിച്ചു. ജൂണ്‍ പത്തിന് സഹോദരനു നേര്‍ക്കുണ്ടായ വെടിവെയ്പില്‍ ബന്‍സ്ഗാവില്‍ നിന്നുള്ള ബി.ജെ.പി എംപി കമലേഷ് പാസ്വാനു പങ്കുണ്ടെന്നാണു കഫീല്‍ ഖാന് പറയുന്നത്.
കമലേഷ് പാസ്വാനും ബല്‍ദേവ് പ്ലാസയുടെ ഉടമ സതീഷ് നന്ഗാലിയയും ചേര്‍ന്നാണ് സഹോദരനെ ആക്രമിക്കുന്നതിനായി ഷൂട്ടര്‍മാരെ വാടകയ്ക്ക് എടുത്തത്. കമലേഷിന് തന്റെ സഹോദരനോടു യാതൊരു ശത്രുതയുമില്ല. എന്നാല്‍ ഫെബ്രുവരിയില്‍ തന്റെ അമ്മാവന്റെ കുറച്ചുസ്ഥലം കമലേഷും സതീഷും ചേര്‍ന്ന് കൈയേറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തു.
ഇതാകാം അക്രമത്തിനു കാരണം കഫീല്‍ ഖാന് പറയുന്നു. 48 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടിക്കുമെന്ന് ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ലെന്നും കേസില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും കഫീല്‍ ഖാന് ആവശ്യപ്പെട്ടു.






