ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയക്ക് ഗുരുദ്വാര സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചു. റാവല്പിണ്ടിക്ക് സമീപത്തെ ഹസന് അബ്ദലിലെ പഞ്ചാ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കുന്നതിനുള്ള അനുമതിയാണ് നിഷേധിച്ചത്. നിയമപരമായ എല്ലാ അനുവാദവും തേടിയ ശേഷമാണ് ബിസാരിയ ഭാര്യാസമേതം ഗുരുദ്വാര സന്ദര്‍ശിക്കാനെത്തിയത്. എന്നാല്‍ ഇസ്ലാമാബാദിലേക്ക് മടങ്ങണമെന്ന് അദ്ദേഹത്തോട് അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
സിഖ് മതവിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ പഞ്ചാ സാഹിബ് സന്ദര്‍ശിക്കാനെത്തിയ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തിരിച്ചയക്കുന്നത്. ഏപ്രിലിലായിരുന്നു ആദ്യ സംഭവം. അന്ന് മറ്റ് ഇന്ത്യന്‍ അധികൃതര്‍ക്കും പാക്കിസ്ഥാന് സന്ദര്‍ശനാനുമതി നിഷേധിച്ചിരുന്നു. പാക് നടപടിക്കെതിരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.






