
പത്തനംതിട്ട: കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് പത്തനാപുരം എംഎല്‍എ ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍പ്പിലെത്തി. പുനലൂര്‍ എന്‍.എസ്.എസ് ആസ്ഥാനത്തുവെച്ച് നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് വിവാദമായ മര്‍ദ്ദന കേസ് ഒത്തുതീര്‍പ്പിലെത്തിച്ചത്.
ആര്.ബാലകൃഷ്ണ പിള്ള ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ ഗണേഷ് കുമാര്‍ എംഎല്‍എ, മര്‍ദ്ദനമേറ്റ അനന്തകൃഷ്ണന്റെ അമ്മ, എന്‍എസ്എസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ഒത്തുതീര്‍പ്പിലെത്തിയെങ്കിലും ഗണേഷ് കുമാറോ, ആര്.ബാലകൃഷ്ണ പിള്ളയോ ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല. ഗണേഷ് കുമാര്‍ പരസ്യമായി മാപ്പു പറയുകയോ, മാപ്പ് എഴുതി നല്‍കുകയോ ചെയ്യണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. മാപ്പു പറഞ്ഞതോടെ കേസ് പിന്‍വലിക്കുകയാണെന്ന് ഷീനയും ബന്ധുക്കളും അറിയിച്ചു. കേസില്‍ ഷീനയുടെ രഹസ്യ മൊഴി കഴിഞ്ഞയാഴ്ച കോടതി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തിടുക്കപ്പെട്ട് ഒത്തുതീര്‍പ്പിലേക്ക് എത്തിയത്.
ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് ഗണേഷ് കുമാറിനെതിരെ അഞ്ചല്‍ പോലീസ് കേസെടുത്തിരുന്നത്. മരണവീട്ടിലേക്ക് എത്തിയ എംഎല്‍എ യുടെ വാഹനത്തിനു സൈഡ് കൊടുക്കാത്തതിനെ ചൊല്ലി വാക്കേറ്റം ഉണ്ടാകുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി എംഎല്‍എ മര്‍ദ്ദിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. കാറിനു സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചതായാണ് പരാതി നല്‍കിയത്. കൊല്ലം സ്വദേശി അനന്തകൃഷ്ണനാണ് പത്തനാപുരം എംഎല്‍എക്കെതിരെ പരാതി നല്‍കിയത്.






