
ബ്രോണിറ്റ്സി: ലോകകപ്പില്‍ മരണമുഖത്ത് നില്ക്കുന്ന മെസ്സിപ്പടയ്ക്ക് പിന്തുണയുമായി മുന്‍ ഇതിഹാസ താരം ഡീഗോ മറഡോണ. ഗ്രൂപ്പ് പോരാട്ടത്തില്‍ ഐസ്ലാന്‍ഡുമായി സമനിലയും, ക്രോയേഷ്യയുമായി 3-0 ന് തോല്‍വിയും വഴങ്ങിയ അര്‍ജന്റീനയുടെ നൈജീരിയയുമായുള്ള ജീവന്മരണ പോരാട്ടത്തിനു മുമ്പേ മറഡോണ താരങ്ങളുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങുകയാണ്.
നൈജീരിയയെ തകര്‍ത്താല്‍ മാത്രമേ രണ്ടു തവണ ലോകകപ്പ് ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് പ്രീക്വാര്‍ട്ടര്‍ സാധ്യത തെളിയൂ. അര്‍ജന്റീനയുടെ മുന്‍ കാലങ്ങളിലെ മിന്നും മികവ് ചൂണ്ടിക്കാട്ടി ടീമിനു ഉത്തേജനം നല്കാന് ശ്രമിക്കുമെന്നും മറഡോണ തുറന്നു പറഞ്ഞു.
ക്രോയേഷ്യയ്ക്കെതിരായ മത്സരത്തില്‍ വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ടതിനു പിന്നാലെ പരിശീലകന് ജോര്‍ജ് സാംപോളിയേയും സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയേയും മറഡോണ വിമര്‍ശിച്ചിരുന്നു. അതോടൊപ്പം അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ക്ലാഡിയോ ടാപ്പിയയേും ഉന്നംവെച്ച് മറഡോണ വിമര്‍ശനം ഉയര്‍ത്തി.
വളരെ അധികം ദേഷ്യം തോന്നി അതോടൊപ്പം വളരെ സങ്കടവും. ജെര്മ്മനിയോ, ബ്രസീലോ, സ്പെയിനോ, ഹോളണ്ടോ അല്ല ക്രോയേഷ്യയോട് ഇത്തരത്തില്‍ തലകുനിക്കേണ്ടി വന്നത് അര്‍ജന്റീനന്‍ ജഴ്സി അണിഞ്ഞ് നില്ക്കുന്ന ഒരാള്‍ക്കും അംഗീകരിക്കാനാവില്ലെന്നും മറഡോണ കൂട്ടിച്ചേര്‍ത്തു. മത്സരം കാണാന്‍ മൈതാനത്ത് എത്തിയ മറഡോണ മുഖം പൊത്തിയാണ് മടങ്ങിയത്.


