പാറ്റ്ന: ദളിത് നേതാവും ഗുജറാത്തിലെ എം.എല്‍.എയുമായ ജിഗ്നേഷ് മേവാനിക്കെതിരെ വധഭീഷണി മുഴക്കിയ ആള് പിടിയില്‍. ബീഹാര്‍ സ്വദേശിയായ രണ്‍വീര്‍ മിശ്രയാണ് പിടിയിലായത്. ജിഗ്നേഷ് മേവാനിക്കെതിരെ ഫോണിലൂടെ ജൂണ്‍ ആറിനാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. മേവാനിയുടെ സഹായിയായ കൗശിക് പാര്‍മറിന്റെ ഫോണിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.
ജിഗ്നേഷ് മേവാനി നേരത്തെ ഉപയോഗിച്ചിരുന്ന നമ്പരാണ് കൗശിക് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ജിഗ്നേഷ് മേവാനിയെ വെടിവച്ച് കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണി. തൊട്ടുപിന്നാലെ രവി പൂജാരി എന്ന പരിചയപ്പെടുത്തിയ ഒരാളും ജിഗ്നേഷിനെ വിളിച്ചു ഭീഷണിപ്പെടുത്തി. രണ്ട് തവണ വിളിച്ച് ജിഗ്നേഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പോലീസ് നമ്പര്‍ പരിശോധിച്ചതോടെ ബീഹാറിലെ സിതാമര്‍ഹി ജില്ലയിലെ കൊയ്ലി ഗ്രാമത്തില്‍ നിന്നാണ് കോള്‍ വന്നതെന്ന് വ്യക്തമായി.
ഭീഷണി കോള്‍ ചെയ്തത് താനാണെന്ന് രണ്‍വീര്‍ സമ്മതിച്ചു. എന്നാല്‍ രവി പൂജാരി എന്നയാളെ തനിക്ക് അറിയില്ലെന്ന് രണ്‍വീര്‍ പറഞ്ഞു. ഓസ്ട്രേലിയയില്‍ നിന്ന് രവി പൂജാരി എന്ന പേരിലും ഒരാള്‍ വിളിച്ച് വധഭീഷണി മുഴക്കിയതായി ജിഗ്നേഷ് മേവാനി ട്വിറ്ററില്‍ വെളിപ്പെടുത്തിയിരുന്നു. പ്രകോപനപരമായ പ്രസംഗങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി.






