ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് ജെ. ചെലമേശ്വറിനെതിരെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. വിരമിച്ചതിന് ശേഷം ചെലമേശ്വര്‍ നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹവും അംഗീകരിക്കാനാകാത്തതുമാണെന്ന് ബാര്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി. ചെലമേശ്വറിനെപ്പോലെ ഉന്നത സ്ഥാനത്തിരുന്ന വ്യക്തിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്മാന് മനന്‍ കുമാര്‍ മിശ്ര പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
മലയാളിയായ ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജ് ആയി നിയമിക്കാതിരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജ് ആയി നിയമിക്കണമെന്നും ചെലമേശ്വര്‍ പ്രസ്താവിച്ചിരുന്നു. ജൂണ്‍ 22ന് വിരമിച്ചതിന് പിന്നാലെയായിരുന്നു ചെലമേശ്വറിന്റെ പ്രസ്താവന. ഇതാണ് ബാര്‍ കൗണ്‍സിലിനെ ചൊടിപ്പിച്ചത്.
വിരമിച്ചതിന് പിന്നാലെ അദ്ദേഹം ഇത്തരം പ്രസ്താവന നടത്തിയത് പ്രതിഷേധാര്‍ഹമാണ്. അദ്ദേഹത്തില്‍ നിന്ന് ഈ പ്രസ്താവന പ്രതീക്ഷിച്ചതല്ല. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ തല്‍സ്ഥാനത്ത് ഇരിക്കുമ്പോള്‍ അദ്ദേഹം പ്രതികരിക്കേണ്ടതായിരുന്നു. നേരത്തെ ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനം വിളിച്ചതിന് പിന്നാലെ സി.പി.ഐ നേതാവ് ഡി. രാജ ജസ്റ്റിസ് ചെലമേശ്വറുമായി കൂടിക്കാഴ്ച നടത്തിയത് സംശയാസ്പദമാണെന്നും ബാര്‍ കൗണ്‍സില്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.






