ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കല്ലേറ് നടത്തുന്ന സ്ത്രീകള്‍ക്കെതിരെ വനിതാ കമാന്‍ഡോകളെ രംഗത്തിറക്കാന്‍ സി.ആര്.പി.എഫ്. ഈ മാസം പകുതിയോടെ സ്ത്രീകള്‍ ഉള്‍പ്പെട്ട പ്രത്യേക കമാന്‍ഡോ യൂണിറ്റിനെ കശ്മീരില്‍ വിന്യസിക്കും. പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് കല്ലെറിയുന്ന സ്ത്രീകളെ പുരുഷ സൈനികര്‍ നേരിടുന്നത് വ്യാപക വിമര്‍ശനത്തിനിടയായിരുന്നു.
കശ്മീരില്‍ വിന്യസിക്കുന്നതിന് 800 സ്ത്രീകള്‍ ഉള്‍പ്പെട്ട പ്രത്യേക കമാന്‍ഡോ യൂണിറ്റിന്റെ പരിശീലനം പുരോഗമിക്കുകയാണ്. കശ്മീര്‍ താഴ്വരയില് വിന്യസിച്ചിട്ടുള്ള 3.5 ലക്ഷം സൈനികര്‍ക്കൊപ്പം ചേര്‍ന്ന് ഇവര്‍ പ്രവര്‍ത്തിക്കും. പ്ലാസ്റ്റിക് ബുള്ളറ്റുകളും കണ്ണീര്‍വാതക ഷെല്ലുകളും അടക്കം ഇവര്‍ക്ക് നല്‍കും. കശ്മീരിലെ പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് കല്ലേറ് വര്‍ധിച്ചത് സൈന്യത്തിന് തലവേദന ആയിരിക്കെയാണ് പുതിയ തീരുമാനം.
കല്ലേറുകാരില്‍ യുവാക്കളുടെയും സ്ത്രീകളുടേയും എണ്ണം വര്‍ധിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സൈന്യത്തിന് നേരെ കല്ലെറിയുന്നവര്‍ക്ക് പാകിസ്ഥാനില്‍ നിന്നടക്കം സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍.






