
കോയമ്പത്തൂര്‍: സ്വകാര്യ സ്കൂളുകളും അവയുടെ അന്തസ്സും മാതാപിതാക്കള്‍ക്ക് വിഷയമായതോടെ സര്‍ക്കാര്‍ സ്കൂളുകളുടെ കാര്യം പൂട്ടിപ്പോകുന്നതാണ് കേരളത്തിലെ അവസ്ഥ. സമാനരീതിയിലുള്ള അവസ്ഥയെ അതിജീവിക്കാന്‍ തമിഴ്നാട്ടിലെ ഒരു സ്കൂളിന്റെ പരിപാടി അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്. സ്കൂളിലേക്ക് കുട്ടികളെ കിട്ടാന്‍ ഏതറ്റം വരെയും പോകാന്‍ തീരുമാനിച്ചിരിക്കുന്ന വിദ്യാലയം കുട്ടികള്‍ക്ക് 5000 രൂപയുടെ സ്വര്‍ണ്ണനാണയവും രണ്ടു ജോഡി സൗജന്യ യൂണിഫോമുമാണ് നല്‍കുന്നത്.
കോയമ്പത്തൂരിലെ അണ്ണൂരിനടുത്ത് കോണര്‍പാളയത്തിലെ ഒരു പ്രൈമറി വിദ്യാലയത്തിന്റേതാണ് ഓഫര്‍. ആദ്യം ചേര്‍ക്കുന്ന പത്തു കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം കിട്ടുക. ഇതോടെ മൂന്ന് കുട്ടികള്‍ ചേരാനെത്തിയിട്ടുണ്ട്. മറ്റ് മൂന്ന് കുട്ടികള്‍ കൂടി ചേരുമെന്ന് സ്കൂള്‍ ഹെഡ്മാസ്റ്റര് രാജേഷ് ചന്ദ്രകുമാര്‍ പറയുന്നു. 1996 ല്‍ തുടങ്ങിയ 165 കുട്ടികളുണ്ടായിരുന്ന സ്കൂള്‍ ഇപ്പോള്‍ കുട്ടികളുടെ നഷ്ടം നേരിടുകയാണ്.
കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്ന ഗ്രാമീണര്‍ കൃഷിനഷ്ടം നേരിട്ടത്തോടെ മറ്റ് ഗ്രാമങ്ങളിലേക്ക് ചേക്കേറാന്‍ തുടങ്ങിയതോടെയാണ് സ്കൂളിനും കഷ്ടകാലം തുടങ്ങിയത്. 90 കളുടെ അവസാനം വെറും 10 കുട്ടികളായി ചുരുങ്ങി. ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ തള്ളിക്കയറ്റം കൂടിയായപ്പോള്‍ അടുത്ത പത്തു വര്‍ഷം കൊണ്ട് വിദ്യാര്‍ത്ഥികളുടെ എണ്ണം അഞ്ചായി മാറി. നിലവില്‍ ആറു കുട്ടികള്‍ മാത്രമാണ് ഇവിടെ പഠിക്കുന്നത്. ഗ്രാമത്തില്‍ ഇപ്പോള്‍ 65 കുടുംബങ്ങള്‍ മാത്രമാണുള്ളത്. അപ്പോള്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടെന്നും അദ്ധ്യാപകന് പറയുന്നു.
പത്തില്‍ താഴെ മാത്രം വിദ്യാര്‍ത്ഥികളുള്ള സ്കൂളുകളില്‍ നിന്നും കുട്ടികളെയും അദ്ധ്യാപകരെയും അടുത്ത സ്കൂളുകളിലേക്ക് പറഞ്ഞുവിട്ട ശേഷം അടച്ചു പൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. അതുകൊണ്ട് തന്നെ പത്തു കുട്ടികളെ എങ്ങിനെയെങ്കിലും ആകര്‍ഷിക്കാനാണ് സ്കൂള്‍ ഈ പദ്ധതി മുന്നോട്ട് വെച്ചിരിക്കുന്നത്. സ്കൂള്‍ നില നിര്‍ത്തുന്നതിന് വേണ്ടി ഗ്രാമീണരുടെ യോഗം വിളിച്ചു ചേര്‍ത്തപ്പോള്‍ സ്ഥലത്തെ ഒരു ബിസിനസ് പ്രമുഖനാണ് 5000 വില വരുന്ന സ്വര്‍ണ്ണനാണയം വാഗ്ദാനം ചെയ്തത്. കാര്യം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചപ്പോള്‍ അവരും സമ്മതിക്കുകയായിരുന്നു.
സ്കൂള്‍ ഞങ്ങളുടെ ഗ്രാമത്തിന്റെ അഭിമാനസ്തംഭമാണെന്നും എന്തു വില കൊടുത്തും അതിനെ രക്ഷിക്കേണ്ടതുണ്ടെന്നുമാണ് സ്വര്‍ണ്ണനാണയം വാഗ്ദാനം ചെയ്ത പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ബിസിനസുകാരന് സെല്വരാജന് പറയുന്നത്.






