
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനില്‍(കെഎസിഎ) വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി ഒംബുഡ്സ്മാന്റെ റിപ്പോര്‍ട്ട്. സാമ്പത്തിക ക്രമക്കേടില്‍ കെഎസിഎ മുന്‍ പ്രസിഡന്റ് ടി.സി.മാത്യുവിനെതിരെയാണ് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്.
കെഎസിഎയില് രണ്ടു കോടി 16 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതേതുടര്‍ന്ന് ടി.സി മാത്യുവില്‍ നിന്ന് പണം തിരിച്ചുപിടിക്കാന്‍ ഒംബുഡ്സ്മാന് ഉത്തരവിട്ടിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടില്‍ രണ്ട് മാസത്തിനകം പണം നല്‍കണം അല്ലെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാമെന്നും അന്വേഷണ കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്. കാസര്‍കോഡ്, ഇടുക്കി എന്നിവിടങ്ങളിലെ സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ പേരിലാണ് വന്‍ സാമ്പത്തിക ക്രമക്കേട് നടന്നിരിക്കുന്നത്. അതേസമയം തനിക്കെതിരായ റിപ്പോര്‍ട്ടില്‍ പ്രതികരിക്കാനില്ലെന്ന് ടി.സി. മാത്യൂ പറഞ്ഞു.
ഇടുക്കിയില്‍ കെഎസിഎയുടെ കീഴിലെ പാറ പൊട്ടിച്ച് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു. അനുമതി ഇല്ലാതെ 44 ലക്ഷം രൂപയുടെ പാറ പൊട്ടിച്ചുവെന്നും, ഇടുക്കിയിലേയും കാസര്‍കോടിലേയും സ്റ്റേഡിയം നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നതായാണ് റിപ്പോര്‍ട്ടില്‍ വയക്തമാക്കിയിരിക്കുന്നത്. കെഎസിഎയ്ക്ക് സോഫ്റ്റ്വെയര് വാങ്ങാനെന്ന പേരില്‍ 60 ലക്ഷം വെട്ടിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോഡ് 20 ലക്ഷം രൂപ നല്കി വാങ്ങിയത് പുറമ്പോക്ക് ഭൂമിയാണെന്നും കണ്ടെത്തലിലുണ്ട്. സ്റ്റേഡിയം നിര്‍മ്മാണത്തിനായി പുല്‍ത്തകിടി വെച്ചുപിടിപ്പിക്കാന്‍ 33 ലക്ഷം രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും സംഘം കണ്ടെത്തി. ജിയോളജി വകുപ്പ് പാസില്‍ നിന്നുമാണ് വിവരങ്ങള്‍ ലഭ്യമായിട്ടുള്ളത്. ഒംബുഡ്സ്മാന്റെ ഗുരുതര കണ്ടെത്തലുകള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ നാളെ കെഎസിഎ ജനറല്‍ ബോഡി യോഗം വിളിച്ചിട്ടുണ്ട്.






