
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ 11 പേര് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സൈക്കോളജിക്കല്‍ പോസ്റ്റ്മോര്‍ട്ടത്തിന് പോലീസ്. ജീവനൊടുക്കിയ വ്യക്തികളുടെ മരണത്തിന് മുമ്പുള്ള പ്രവര്‍ത്തികള്‍, അവരുടെ സുഹൃത്തുക്കള്‍ അവരെക്കുറിച്ച് നല്കുന്ന വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തി മരണ കാരണം കണ്ടെത്തുന്നതിന് അവലംബിക്കുന്ന രീതിയാണ് സൈക്കോളജിക്കല്‍ പോസ്റ്റ്മോര്‍ട്ടം എന്നറിയപ്പെടുന്നത്.
കാരണം വ്യക്മല്ലാത്ത ദുരൂഹമായ മരണങ്ങളില്‍ പോലീസ് സൈക്കോളജിക്കല്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാറുണ്ട്. ബുരാരിയില്‍ മരിച്ച പതിനൊന്ന് പേരുടെ സൈക്കോളജിക്കല്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ട ഡോക്ടറെ തീരുമാനിച്ചിട്ടില്ല. മരിച്ചവരുടെ ഡയറിക്കുറിപ്പുകള്‍, അവരെക്കുറിച്ച് സുഹൃത്തുക്കളും ബന്ധുക്കളും നല്കുന്ന വിവരങ്ങള്‍, മെഡിക്കല്‍ രേഖകള്‍ തുടങ്ങി മരിച്ചവരുടെ മനോനിലയെക്കുറിച്ച് വെളിച്ചം വീശുന്ന പരിശോധനയാണ് പോലീസ് നടത്താന്‍ പോകുന്നത്.
മോക്ഷം ലഭിക്കുന്നതിന് വേണ്ടി ഇവര്‍ സകുടുംബം ജീവനൊടുക്കിയെന്നാണ് പ്രാഥമിക സൂചന. ഇവരുടെ ഡയറിക്കുറിപ്പില്‍ നിന്ന് ലഭിച്ച സൂചനകള്‍ ആത്മഹത്യയെന്ന നിഗമനത്തിലേക്ക് തന്നെയാണ് പോലീസിനെ നയിക്കുന്നത്. മനഃശാസ്ത്ര പോസ്റ്റ്മോര്‍ട്ടം കൂടി കഴിഞ്ഞാല്‍ കൃത്യമായ നിഗമനത്തിലേക്ക് എത്താനാകുമെന്നാണ് പോലീസ് സംഘത്തിന്റെ വിലയിരുത്തല്‍. അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ല. അവ കൂടി ലഭിച്ച് കഴിഞ്ഞാല്‍ മരണകാരണം വ്യക്തമാകും.

മരിച്ചവരുടെ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് കണ്ടെത്തിയ രജിസ്റ്ററുകളിലെ കുറിപ്പുകള്‍ കയ്യക്ഷര വിദഗ്ധന്മാരെക്കൊണ്ട് പരിശോധിപ്പിക്കും. 11 പേരുടേതും തൂങ്ങി മരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം പരിശോധനയിലെ പ്രാഥമിക കണ്ടെത്തല്‍. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് ഞെട്ടിക്കുന്ന കൂട്ട ആത്മഹത്യയുടെ വിവരം പുറംലോകം അറിഞ്ഞത്.
നാരായണ ദേവി(77) മക്കളായ ഭുവനേഷ് (50), ലളിത് (45), ഇവരുടെ ഭാര്യമാരായ സവിത (48), ടീന (42), നാരായണ ദേവിയുടെ മറ്റൊരു മകള്‍ പ്രതിഭ (57), ചെറുമക്കളായ പ്രിയങ്ക (33), നിതു (25), മോനു (23), ധ്രുവ് (15), ശിവം (15) എന്നിവരാണ് മരിച്ചത്.







Comments