
ലണ്ടന്‍: ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് രാജിവച്ചു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്മാറാനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് ഡേവിഡ് ഡേവിസ് ആയിരുന്നു. ബ്രെക്സിറ്റിനു ശേഷം യു.കെ -യൂറോപ്യന്‍ യൂണിയന് സഹകരണത്തിനുള്ള പ്രധാനമന്ത്രി തെരേസ മേയുടെ പദ്ധതിക്ക് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് സര്‍ക്കാരില്‍ നിന്നും രാജിവയ്ക്കാനുള്ള തീരുമാനം ഡേവിഡ് ഡേവിസ് അറിയിച്ചത്.
ഡേവിഡിന്റെ് രാജി തീരുമാനത്തോട് യോജിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ സേവനത്തിന് നന്ദി അറിയിക്കുന്നതായി തെരേസ മേ മറുപടി നല്കി. ഡേവിഡിന്റെ രാജിക്കു പിന്നാലെ ജൂനിയര്‍ മന്ത്രി സ്റ്റീവ് ബേക്കറും രാജി സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രണ്ട് മന്ത്രിമാര്‍ രാജിവച്ചതോടെ മന്ത്രിമാരേയും എം.പിമാരേയും കാണാന്‍ തെരേസ മേയും തീരുമാനിച്ചിട്ടുണ്ട്.
2016ലാണ് ബ്രെക്സിറ്റ് സെക്രട്ടറിയായി ഡേവിഡ് ഡേവിസ് നിയമിതനായത്. യൂറോപ്യന്‍ യൂണിയനുമായി സഹകരിക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയോട് ഡേവിഡ് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നയത്തിന്റെയും നയതന്ത്രത്തിന്റെയും ഈ പ്രവണത അനാവശ്യമാണെന്നാണ് ഡേവിഡിന്റെ നിലപാട്. എന്നാല്‍ ഡേവിഡിന്റെ നിലപാട് തള്ളി വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നല്‍കുകയായിരുന്നു. കാര്‍ഷികോത്പന്നങ്ങളുടെയും വ്യവസായികോത്പന്നങ്ങളുടെയും വിപണനത്തിന് പൊതുവായ നിയമാവലി കൊണ്ടുവരണമെന്നാണ് പദ്ധതിയിലൂടെ ബ്രിട്ടന് മുന്നോട്ടുവയ്ക്കുന്നത്.






