
കൊച്ചി: അനധികൃത തടയണ നിര്‍മ്മിച്ചുവെന്ന ആരോപണത്തില്‍ എല്‍.ഡി.എഫ് എം.എല്‍.എ പി.വി അന്‍വറിന് ഹൈക്കോടതിയില്‍ തിരിച്ചടി. അന്‍വറിന്റെ കക്കാടംപൊയിലിലെ തടയണയിലെ വെള്ളം ഒഴുക്കികളയാന്‍ ഹൈക്കോടതി മലപ്പുറം ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്കി. രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.
നടപടികള്‍ക്ക് ജില്ലാ കലക്ടര്‍ മേല്‍നോട്ടം വഹിക്കണം. വിദഗ്ധരുടെ സേവനവും ഉപയോഗിക്കാം. മേഖലയില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. എന്നാല്‍ തങ്ങളുടെ വാദം കേള്‍ക്കാതെയാണ് മലപ്പുറം ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് അന്‍വറും ഭാര്യാപിതാവും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് തടയണയിലെ വെള്ളം നീക്കുന്നത് കോടതി സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ നീക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
അന്‍വറിന്റെ കക്കാടംപൊയിലുള്ള പാര്ക്കിന് സമീപം കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. പാര്‍ക്കിലേക്ക് വെള്ളമെടുക്കുന്ന കുളത്തിന് സമീപമാണ് മണ്ണിടിഞ്ഞത്. അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് ദുര്‍ബല പ്രദേശത്താണെന്ന ജില്ലാ കലക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ദുരന്തനിവാര അതോറിറ്റി തയ്യാറാക്കിയ പട്ടികയില്‍ അപകട സാധ്യത ഏറെയുള്ള സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കക്കാടംപൊയില്‍.






