
തായ്ലന്റ്: തായ്ലന്റിലെ ഗുഹയിൽ അപ്രതീക്ഷിതമായി കുടുങ്ങിയ ഫുട്ബോൾ താരങ്ങളെയും പുറത്തെത്തിക്കാൻ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ സിനിമയാകുന്നു. ഹോളിവുഡ് സിനിമാ നിർമാണ കമ്പനിയായ പ്യുവർ ഫ്ളിക്സിന്റെ ഉടമ മൈക്കൽ സ്കോട്ടാണ് ലോക ജനതയെ മുഴുവൻ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ദിവസങ്ങളെ തിരശീലയിൽ എത്തിക്കുന്നത്.
മൈക്കൽ സ്കോട്ടും സംഘവും ദിവസങ്ങൾക്കു മുൻപേ തായ്ലന്റിലെ ഗുഹയിൽ എത്തിയിരുന്നു. തായ്ലന്റിലെ രക്ഷാപ്രവർത്തകർക്കൊപ്പം സഞ്ചരിച്ചായിരുന്നു സിനിമ ചിത്രീകരണം. രക്ഷാപ്രവർത്തനം തുടങ്ങി മൂന്നാം ദിവസം മുതൽ ഇവർ രക്ഷാപ്രവർത്തകർക്ക് ഒപ്പമുണ്ടായിരുന്നു. ഇതിലൂടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകരുടെയും ഗുഹയിൽ കുടുങ്ങിയ കുട്ടികളുടെ ബന്ധുക്കളെയും അനുഭവങ്ങൾ തത്സമയം കാമറയിൽ ഒപ്പിയെടുത്തു.
മറ്റ് നിർമ്മാണ കമ്പനികൾ ഇവിടേയ്ക്ക് എത്തുമെന്നത് മുന്നിൽ കണ്ടാണ് ആദ്യ ദിവസങ്ങളിൽ തന്നെ ഇവിടെയെത്തി ദൃശ്യങ്ങൾ പകർത്തിയതന്ന് സ്കോട്ട് പറയുന്നു. ഗുഹയ്ക്കുള്ളിലെ രംഗങ്ങൾ പിന്നീട് ചിത്രീകരിക്കും. മറ്റു ഭാഗങ്ങൾ പ്രമുഖ താരങ്ങളെ വച്ചാകും ചിത്രീകരിക്കുകയെന്നും മൈക്കൽ സ്കോട്ട് പറയുന്നു.






