
തിരുവനന്തപുരം : ബൊളീവിയന്‍ നമ്പരില്‍ നിന്നുള്ള ഫോണ്‍ തട്ടിപ്പിന് ഇരയായവരില്‍ കൂടുതലും പോലീസ് ഉദ്യോഗസ്ഥരെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച പലരുടെയും നമ്പരിലേയ്ക്ക് 'പ്ലസ് 5' ല്‍ തുടങ്ങുന്ന നമ്പരില്‍ നിന്ന് വിളികളെത്തിയത്. ഈ നമ്പരിലേയ്ക്ക് തിരിച്ചു വിളിച്ചവര്‍ക്കെല്ലാം പണം നഷ്ടമായി. ഒരു കോളിന് 16 രൂപ വരെ നഷ്ടമായവരുണ്ട്.
സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ ഔദ്യോഗിക നമ്പരുകളിലേയ്ക്കും ബൊളീവിയയില്‍ നിന്നുള്ള വിളികളെത്തി. ഇതേതുടര്‍ന്ന് മൊബൈല്‍ കമ്പനികളോട് ഈ നമ്പര്‍ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട് ഹൈടെക് സെല്‍ കത്തുനല്‍കി. ബി.എസ്.എന്‍.എല്‍ നമ്പരുകളാണ് പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതലായും ഉപയോഗിക്കുന്നത്. എന്നാല്‍, വിളികള്‍ എത്തുന്നത് ഏത് രാജ്യത്തു നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല.
പോലീസ് ഉദ്യോഗസ്ഥരുടെ നമ്പരുകള്‍ ഉള്‍പ്പെടുത്തി പൊതുജനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ രണ്ട് മൊബൈല്‍ ആപ്പുകളില്‍ നിന്നാണ് നമ്പരുകള്‍ ചോര്‍ന്നതെന്ന സംശയത്തിലാണ് അന്വേഷണ സംഘം. ആര്‍ക്കും ഡണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ളതാണ് ഈ ആപ്പുകള്‍.






