
ജയ്പൂര്‍: പക്ഷിയുടെ മുട്ട പൊട്ടിച്ച പെണ്‍കുട്ടിക്ക് സ്വന്തം വീട്ടില്‍ കയറുന്നതിന് ഖാപ് പഞ്ചായത്തിന്റെ വിലക്ക്. രാജസ്ഥാനിലെ ബുണ്ഡി ജില്ലയില്‍ പെടുന്ന ഹരിപുരയിലാണ് സംഭവം. വിശിഷ്ട ഇനത്തില്‍ പെടുന്നതെന്ന് കരുതുന്ന പക്ഷിയുടെ മുട്ടയാണ് അഞ്ചു വയസ്സുകാരി അബദ്ധത്തില്‍ പൊട്ടിച്ചത്. കടുത്ത മനുഷ്യാവകാശ ലംഘനം വ്യക്തമാക്കുന്ന ഈ ഉത്തരവ് അറിഞ്ഞ പോലീസ് ഖാപ് പഞ്ചായത്തിനെതിരെ നടപടിയെടുത്തു. പത്തു പേരെ അറസ്റ്റു ചെയ്തിട്ടുമുണ്ട്.
ജൂലായ് രണ്ടിനാണ് ഖാപ് പഞ്ചായത്തിന്റെ വിവാദ വിധി. അന്നു മുതല്‍ വീടിനുപുറത്ത് ഷെഡ് കെട്ടിയാണ് പെണ്‍കുട്ടി കഴിഞ്ഞത്. പെണ്‍കുട്ടിയെ സ്പര്‍ശിക്കരുതെന്ന് മാതാപിതാക്കള്‍ക്കും ഗ്രാമീണര്‍ക്കും ഖാപ് പഞ്ചായത്ത് കര്‍ശന നിര്‍ദേശവും നല്കി.
പട്ടിക ജാതി വിഭാഗത്തില്‍ പെടുന്ന റീഗര്‍ സമുദായത്തില്‍ പെട്ടതാണ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി. ഖാപ് പഞ്ചായത്തും ഇതേ സമുദായത്തില്‍പെട്ടവരാണ്. സമുദായം വിശിഷ്ട പക്ഷിയായി കരുതുന്ന വണ്ണാത്തിപുള്ളിന്റെ മുട്ടയാണ് പെണ്‍കുട്ടി അബദ്ധത്തില്‍ പൊട്ടിച്ചത്. പെണ്‍കുട്ടിയെ ശിക്ഷിച്ച ഖാപ് പഞ്ചായത്ത്, കുടുംബത്തില്‍ നിന്നും പാപം മാറുന്നതിന് പ്രത്യേക പൂജകള്‍ നടത്തണമെന്നും നിര്‍ദേശിച്ചു.






