
കൊച്ചി : ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിയടെ വീട് ജപ്തി ചെയ്യാനുള്ള നടപടിയ്ക്കെതിരെ സമരം ചെയ്ത മൂന്നുപേര്‍ അറസ്റ്റില്‍. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് അറസ്റ്റ്. പി.ജെ മാനുവല്‍, വി.സി ജെന്നി, ഷൈജു, കണ്ണന് എന്നിവരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കളമശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രിയായിരുന്നു ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ജപ്തി നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. സര്‍ക്കാരിന്റെ ഈ നടപടിയെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
പ്രീത ഷാജിയുടെ 18.5 സെന്റ് വരുന്ന കിടപ്പാടം ജപ്തി ചെയ്യണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇവരുടെ കുടുംബം ഒരു സുഹൃത്തിന് രണ്ടു ലക്ഷം രൂപ വായ്പ എടുക്കാനായി വസ്തു ജാമ്യം കൊടുത്തിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് ജപ്തി നടപടികളിലേയ്ക്ക് നീങ്ങുകയായിരുന്നു. എന്നാല്‍, ഭൂമി ഒഴിഞ്ഞുകൊടുക്കാന്‍ പ്രീയയും കുടുംബവും തയ്യാറായില്ല. ഇതേതുടര്‍ന്ന് ഭൂമി ലേലത്തില്‍ വാങ്ങിയ വ്യക്തി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.






