
കോട്ടയം: മക്കളുടെ അഡ്മിഷനായി നല്കിയ 80 ലക്ഷം തട്ടിയെടുത്ത മംഗലാപുരത്തെ മെഡിക്കല്‍ കോളജ് അധികൃതര്ക്കെതിരേയാണ്പോലീസിനെ സമീപിച്ചതെന്നും അല്ലാതെ കടം കൊടുത്തപണം തിരിച്ചുപിടിക്കാനല്ലെന്നും സിനിമാ നിര്‍മാതാവ് പ്രകാശ് ദാമോദരന്‍. സിനിമാ നിര്‍മാതാവ് കടമായി നല്കിയ ഒരുകോടി രൂപ തിരികെവാങ്ങി നല്കാന് ക്വട്ടേഷന്‍ ഏറ്റെടുത്ത പോലീസ് 25 ലക്ഷം രൂപ കമ്മിഷന് വാങ്ങിയെന്ന വിവാദത്തിലാണു പ്രകാശ് ദാമോദരന്റെ വിശദീകരണം.
സിനിമാനിര്മാതാവിനുവേണ്ടി കോട്ടയം ജില്ലയിലെ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മംഗലാപുരത്തെത്തി ആളെ കടത്തിക്കൊണ്ടുവന്നശേഷം കിട്ടാനുള്ള പണം ഭീഷണിപ്പെടുത്തി വാങ്ങിയെന്നും ഇതിന് 25 ലക്ഷം രൂപ പ്രതിഫലം പറ്റിയെന്നുമാണ് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ക്കു കിട്ടിയ വിവരം. ഇക്കാര്യം 'മംഗളം' ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോപണം ഇത്തരത്തിലായതിനു പിന്നില്‍ സി.പി.എമ്മിലെ പ്രാദേശികനേതാക്കള്‍ തമ്മിലുള്ള വിഭാഗീതയാണെന്നും സൂചനയുണ്ട്. സി.ഐ. അടക്കം ആര്‍ക്കും ഒരു രൂപ കൊടുക്കുകയോ തനിക്കു നഷ്ടപ്പെട്ട 80 ലക്ഷത്തില്‍ ഒരു രൂപ പോലും തിരികെകിട്ടുകയോ ചെയ്തിട്ടില്ലെന്നു പ്രകാശ് ദാമോദരനും പറയുന്നു.
തന്റെ ഇരട്ടക്കുട്ടികളുടെ എം.ബി.ബി.എസ്. അഡ്മിഷനായി മംഗലാപുരത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളജിനു 80 ലക്ഷം രൂപ നല്‍കിയെന്നും എന്നാല്‍ അവര്‍ കബളിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി നിര്‍മാതാവ് പ്രകാശ് ദാമോദരന്‍ കഴിഞ്ഞ നവംബറില്‍ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. എസ്.പിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പണം തിരികെപ്പിടിക്കാന്‍ സി.ഐ. നടത്തിയ തന്ത്രപരമായ നീക്കമാണ് ഇത്തരം ആരോപണത്തിനിടയാക്കിയത് എന്നാണു പുറത്തുവരുന്നവിവരം.
മംഗലാപുരം ഉടുപ്പിയിലുളള ഉമാ ഗംഗാധര്‍, പവന്‍കുമാര്‍, പ്രസാദ് ഷെട്ടി, യാക്കൂബ്, ഡോക്ടര്‍ ശ്യാം, ബാലകൃഷ്ണ റായ്, യു.കെ. മോനു, കണച്ചൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പ്രിന്‍സിപ്പല്‍ എന്നിവരെ പ്രതി ചേര്‍ത്താണു പ്രകാശ് പരാതി നല്‍കിയത്. ഡിസംബര്‍ 18നു സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ രണ്ടു വനിതാ പോലീസുകാരുള്‍പ്പെട്ട സംഘം മംഗലാപുരത്തെത്തി മംഗലാപുരം പോലീസിന്റെ സഹായത്തോടെ അഞ്ചാം പ്രതിയായ ഡോക്ടറെ കസ്റ്റഡിയിലെടുത്തിരുന്നു.
പിന്നീട് ഇയാളെ കോട്ടയത്തെത്തിച്ചു ചോദ്യം ചെയ്തപ്പോള്‍ ഇടനിലക്കാരന് മാത്രമാണെന്നു കണ്ടെത്തിയതിനാല്‍ ജാമ്യത്തില്‍ വിട്ടു. ഇതേത്തുടര്‍ന്നു വാങ്ങിയ തുകയ്ക്ക് പകരമായി മെഡിക്കല്‍ കോളജ് അധികൃതര്‍ നിര്‍മാതാവിന് ചെക്ക് നല്കി. എന്നാല്‍ ഈ ചെക്ക് മടങ്ങി. ഈ കേസ് കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് നടക്കുന്നുണ്ട്.
പ്രകാശിന്റെ പണം തിരികെ ലഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സി.പി.എമ്മിന്റെ ജില്ലയിലെ ഒരു പ്രമുഖ നേതാവ് ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജില്ലാ നേതാവിനെ എതിര്‍ത്തിരുന്ന യുവനേതാവ് അടുത്തയിടെ പോലീസ് സ്റ്റേഷനില്‍ ഒരാള്‍ക്ക് ജാമ്യം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. പ്രകാശിന്റെ കേസിലെ ജില്ലാനേതാവിന്റെ ഇടപെടല്‍ അറിഞ്ഞ യുവനേതാവ് ഇത് ആയുധമാക്കി സി.ഐക്ക് എതിരേ നീങ്ങിയതാണ് തലസ്ഥാനത്തെത്തിയ പരാതിക്കു പിന്നിലെന്നാണ് സൂചന.






