
മാസമുറ വരാന്‍ കാത്തിരിക്കുമ്പോഴാണ് മ്യാന്മറിലെ ഗ്രാമത്തിലെ വീട് തകര്‍ത്ത് പട്ടാളം അവളെ പിടിച്ചുകൊണ്ടുപോയത്. വെറും 13 വയസ്സ് മാത്രമുണ്ടായിരുന്നപ്പോള്‍ അവള് കൂട്ട ബലാത്സംഗത്തിനിരയായി. പിന്നീട് മാസമുറ ഉണ്ടയേയില്ല. ബലാത്സംഗം തന്റെ നിഷ്ക്കളങ്കതയെ തകര്‍ത്തുകളഞ്ഞതായും ഉദരത്തില്‍ ഒരു കുഞ്ഞുജീവന് ക്രമേണ വളരുന്നതും ബുദ്ധിസ്റ്റ് സൈനികന്റെ മകന് തന്റെ ജീവിതം തകര്‍ക്കുകയാണെന്നും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള് പതിയെ മനസ്സിലാക്കിത്തുടങ്ങി. മ്യാന്മറിലെ രഖീനേ സംസ്ഥാനത്ത് റോഹിംഗ്യാ മുസ്ളീങ്ങള്‍ക്ക് മേല്‍ മ്യാന്മര് സൈന്യം കൂട്ടബലാത്സംഗവും പീഡനങ്ങളും ഉള്‍പ്പെടെയുള്ള കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയിട്ട് പത്തു മാസം പിന്നിടുമ്പോള്‍ ബംഗ്്ളാദേശിലെ റഹിംഗ്യകളുടെ അഭയാര്‍ത്ഥി ക്യാമ്പിലെ ദൃശ്യങ്ങള്‍ ഏവരെയും വേദനിപ്പിക്കും.
ബംഗ്ളാദേശില്‍ ഉടനീളമുള്ള ക്യാമ്പുകളില്‍ അന്നത്തെ ബലാത്സംഗത്തിന്റെ ഫലവും വയറ്റില്‍ പേറി അനേകം കൗമാരക്കാരാണ് കഴിയുന്നത്. ഇവരുടെ അമ്മമാര്‍ക്ക് മക്കളുടെ പ്രസവം അങ്ങേയറ്റം വേദനാജനകവും ഭീതിദവുമായി മാറുകയാണ്. കലാപം സമ്മാനിച്ച നവജാത ശിശുക്കളുടെയും അവരെ പ്രസവിച്ച പ്രായമെത്തത്താത്ത അമ്മമാരുടേയും അതിജീവനം എന്ന ആശങ്കകള്‍ക്ക് പുറമേ ബലാത്സംഗത്തിന്റെ പേരില്‍ സമൂഹം നല്കുന്ന അപമാനഭാരവും പേറേണ്ടി വരികയാണ്. പത്തു മാസം പിന്നിടുമ്പോള്‍ അന്താരാഷ്ട്ര വാര്‍ത്താമാധ്യമങ്ങളാണ് ക്യാമ്പിലെത്തിയത്. കൂട്ടബലാത്സംഗത്തിന് ഇരയായ പല പെണ്‍കുട്ടികള്‍ക്കും സൈനികര്‍ സമ്മാനിച്ച കുട്ടികളില്‍ പലരും പിറന്നു കഴിഞ്ഞു. ചക്മാര്ക്കൂല് അഭയാര്‍ത്ഥി ക്യാമ്പില്‍ പലര്‍ക്കും പുതിയതായി എത്തിയ ശിശുക്കള്‍ അമ്മമാര്‍ക്ക് ബലാത്സംഗത്തിന്റെ ക്രൂരമായ ഓര്‍മ്മകള്‍ വീണ്ടും ഉണര്‍ത്തുന്നതാണ്.
പിഞ്ചു ശരീരങ്ങള്‍ ചിലര്‍ക്ക് അവര്‍ നേരിട്ട അപമാനത്തിന്റെ നേര്‍രൂപങ്ങളാണ്. ദീര്‍ഘങ്ങളായ ബലാത്സംഗത്തിനു ശേഷം മ്യാന്മറില് നിന്നും ബംഗ്ളാദേശിലേക്കുള്ള ദിവസങ്ങള്‍ നീണ്ട യാത്രയും വേണ്ടി വന്നു. ഇടുപ്പില്‍ വലിയ തുണികള്‍ മുറുക്കി കെട്ടിയാണ് പലരും യാത്ര നടത്തിയത്. ബലാത്സംഗത്തെ തുടര്‍ന്നുളള ഗര്‍ഭധാരണം വിലകുറഞ്ഞ ഗര്‍ഭഛിദ്രഗുളികകള്‍ കഴിച്ചു ചിലര്‍ മറികടന്നപ്പോള്‍ മറ്റു ചിലര്‍ക്ക് നൊന്തുപെറ്റ കുഞ്ഞുങ്ങളെ സ്നേഹിക്കാന്‍ പോലും കഴിയുന്നില്ല. കുട്ടികളെ കൊണ്ട് കളഞ്ഞേക്കാന്‍ പോലും അഭിപ്രായപ്പെട്ടവരുണ്ട്. ക്യാമ്പില്‍ പിറന്ന അരുമയായ കുഞ്ഞിനെ നോക്കാന്‍ പോലും ഇഷ്ടപ്പെടാതിരുന്ന യുവതിയായ അമ്മയ്ക്ക് പകരം കുട്ടിയെ വളര്‍ത്തുന്നത് അവരുടെ മൂത്തമകളാണ്. രണ്ടു വയസ്സ് മാത്രമുള്ള ഇളയ മകനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആറു സൈനികരാണ് അവരെ ബലാത്സംഗം ചെയ്തത്.
മാസങ്ങള്‍ക്ക് ശേഷം ഗര്‍ഭിണിയായി കുഞ്ഞിനെ പ്രസവിച്ചെങ്കിലും മറ്റുള്ളവരുടെ മുന്നില്‍ സ്നേഹിക്കുന്നതായി അഭിനയിക്കുകയാണ് താനെന്നും അവര്‍ പറയുന്നു. വിവരങ്ങള്‍ പിന്നീട് ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ അയാള്‍ അവരെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. അതിന് ശേഷം ഭര്‍ത്താവ് യുവതിയേയോ അവരുടെ കുഞ്ഞുങ്ങളേയോ തിരിഞ്ഞുനോക്കിയിട്ടില്ല. ബലാത്സംഗവും ഗര്‍ഭാവസ്ഥയും മറച്ചു വെയ്ക്കാനാണ് പലരും താല്‍പ്പര്യപ്പെട്ടത്. അതുകൊണ്ട് തന്നെ എത്രപേര്‍ ബലാത്സംഗത്തിന്റെ ഫലമായി പ്രസവിച്ചെന്ന് ഇപ്പോഴും കണക്കുകളില്ലെന്ന് സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നവരിടെ മിഡ്വൈഫ് മാര്‍ പറയുന്നു. അനേകര്‍ ഗര്‍ഭാവസ്ഥയില്‍ വെച്ചു തന്നെയോ പ്രസവസമയത്തോ മരിച്ചിരിക്കാമെന്നാണ് മെഡിസിന് സാന്‍സ് ഫ്രണ്ടിയേഴ്സ് മിഡ്വൈഫ് ദാനിയേല കാഷ്യോ പറയുന്നത്.
ക്യാമ്പിലെ ഒരു അമ്മ പ്രസവം വരെ ദിനങ്ങള്‍ എണ്ണിതള്ളിനീക്കുകയായിരുന്നു. ഈ പ്രസവത്തോട് മുമ്പത്തേത് പോലെ താല്‍പ്പര്യം തോന്നിയില്ല. താനുമായി ഒരു ബന്ധവുമില്ലാത്ത എന്തോ ഉള്ളില്‍ വളരുന്നത് പോലെയായിരുന്നു ഈ ഗര്‍ഭം അവര്‍ക്ക്. കുഞ്ഞ് പുറത്തു വന്നിട്ടും മൂത്ത കുഞ്ഞുങ്ങളോട് തോന്നിയ സ്നേഹം അവള്‍ക്ക് ഈ കുട്ടിയോടുണ്ടായില്ല. അവന്റെ കുഞ്ഞു കണ്ണില്‍ തന്നെ ബലാത്സംഗം ചെയ്തവരുടെ മുഖമാണ് അവള് കാണുന്നത്. അതുകൊണ്ട് തന്നെ തന്നെ അവനെ നോക്കുമ്പോള്‍ അവള്‍ക്ക് ഓര്‍മ്മവരുന്നത് തന്നെ ആക്രമിച്ചവരെയാണെന്ന് അവര്‍ പറഞ്ഞു.
വിധവയയായിരുന്ന അവരുടെ വയറ് വീര്‍ത്തുവരുന്നത് കുടുപലോംഗ് അഭയാര്‍ത്ഥി ക്യാമ്പിലെ അയല്‍ക്കാര്‍ ശ്രദ്ധിക്കുന്നത് അവരെ ഏറെ അലോസരപ്പെടുത്തിയിരുന്നു. ഒടുവില്‍ അയല്‍ക്കാര്‍ ഗര്‍ഭാവസ്ഥ കണ്ടെത്തിയതോടെ എല്ലാ അപമാനവും കടിച്ചമര്‍ത്തി സ്വന്തം ക്യാമ്പില്‍ പുറത്തേക്ക് ശബ്ദം വരാതെ വായില്‍ തുണി തിരുകി അവര്‍ കുഞ്ഞിന് ജന്മം നല്കി. തന്തയില്ലാതെ കുഞ്ഞിനെ പ്രസവിക്കുന്നത് അപമാനം വിളിച്ചു വരുത്തുമെന്നതായിരുന്നു കാരണം. ഇതിനെല്ലാം പുറമേയായിരുന്നു ഇസ്ളാമിന്റേതല്ലാത്ത ബീജങ്ങളുടെ ഗര്‍ഭധാരണം മരണത്തേക്കാള്‍ വലിയ ദുര്‍വ്വിധി ആണെന്ന റഹിംഗ്യകളുടെ വിശ്വാസവും. അതുകൊണ്ടു തന്നെ ബലാത്സംഗ ഇരകള്‍ ക്ളിനിക്കുകളിലോ മറ്റോ പോകുമായിരുന്നില്ല. പകരം ഗര്‍ഭഛിദ്രത്തിന് ക്യാമ്പുകളില്‍ കിട്ടുന്ന പ്രാകൃത മരുന്നുകളും വിദ്യകളുമെല്ലാം ചെയ്തവരും ഏറെയാണ്.
കടുത്ത അപമാനഭാരത്താലാണ് ഒട്ടേറെ പേരാണ് ക്യാമ്പില്‍ ജീവിക്കുന്നതെങ്കിലും പതിയെപ്പതിയെ എല്ലാവരും എല്ലാറ്റിനും മാപ്പു കൊടുത്തു തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ തങ്ങളില്‍ തന്നെ ഒതുക്കാതെ പലരും അവരുടെ കഥകള്‍ പങ്കുവെയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. നേരിട്ട ക്രൂരതയുടെ തീയില്‍ സ്വയം എരിഞ്ഞടങ്ങാതെ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ അതവരെ കരുത്തരാക്കുന്നു.
അതേസമയം ക്യാമ്പിലെ മറ്റൊരു കഥ ഇങ്ങിനെയയായിരുന്നു. മെയ് മാസമാണ് ഭീതിദമായ ആ നിമിഷം വന്നത്. നിറ ഗര്‍ഭിണിയായ അവള്‍ക്കൊപ്പം ക്യാമ്പില്‍ മാതാവും മുത്തശ്ശിയും ഉണ്ടായിരുന്നു. പിതാവ് പ്രസവ ശുശ്രൂഷയ്ക്കായി ക്ളിനിക്കില്‍ സഹായം തേടി. ഒരു മണിക്കൂറിന് ശേഷം അവള് പ്രസവിച്ചു. ബുദ്ധിസ്റ്റുകളുടെ കുഞ്ഞുങ്ങളെ പ്രസവിച്ച പല മുസ്ളീം റഹിംഗ്യകളും കുഞ്ഞുങ്ങളുടെ മുഖം കാണാന്‍ പോലും കൂട്ടാക്കാതിരുന്നപ്പോള്‍ അവള് പറഞ്ഞു. '' ബുദ്ധിസ്റ്റിന്റേതാണെങ്കിലും ഞാന്‍ അവളെ സ്നേഹിക്കും. ഒമ്പതുമാസമായി ചുമന്ന് നൊന്തു പ്രസവിച്ചതല്ലേ.''
കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്






