
മോസ്കോ: ലോകകപ്പ് ജേതാക്കളുടെ ചരിത്രത്തില്‍ പേരെഴുതി ചേര്‍ക്കാനുള്ള ക്രൊയാട്ടുകളുടെ പോരാട്ട വീര്യത്തെ അടിയറവ് പറയിച്ച് റഷ്യയില്‍ ഫ്രഞ്ച് വിപ്ലവം. റഷ്യന്‍ ലോകകപ്പ് ഫൈനലില്‍ ഫ്രഞ്ച് ഫുട്ബോള്‍ ടീം പുതിയ രാജാക്കന്മാരായി പേരെഴുതി. ഫൈനലില്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്ക് ജയിച്ചാണ് ഫ്രാന്‍സ് രണ്ടു തവണ ലോക കിരീടം നേടുന്ന ടീമുകളുടെ പട്ടികയില്‍ പേരെഴുതി ചേര്‍ത്തത്. ഈ വിജയത്തോടെ കളിക്കാരനായും പരിശീലകനായും കിരീടം നേടുന്ന മൂന്നാമത്തെയാളും നായകനായും പരിശീലകനായും വിജയം നേടുന്ന രണ്ടാമത്തെയാളുമായി ഫ്രഞ്ച് പരിശീലകന് ദിദിയര്‍ ദെഷാംപ്സ് മാറി.
മാന്‍സുകിച്ചിന്റെ ദാനഗോളിനൊപ്പം ഗ്രീസ്മാന്, പോള്‍പോഗ്ബ, എംബാപ്പേ എന്നിവര്‍ ഫ്രാന്‍സിനായി സ്കോര്‍ ചെയ്തപ്പോള്‍ പെരിസിച്ചും മരിയോ മാന്സുകിച്ചുമായിരുന്നു ക്രൊയേഷ്യയുടെ ഗോള്‍ സ്കോറര്‍മാര്‍. ക്രൊയേഷ്യന്‍ നിരയില്‍ ആദ്യ ഗോള്‍ നേടിയ പെരിസിച്ച് ഫ്രാന്‍സിന് രണ്ടാം ഗോളിന് വഴി വെച്ച് ഹാന്‍ഡ്ബോള്‍ ഉണ്ടാക്കിയപ്പോള്‍ ഫ്രാന്‍സിന് ആദ്യഗോളിന് അവസരം നല്കി സെല്‍ഫ് ഗോളടിച്ച മരിയോ മാന്സുകിച്ചായിരുന്നു ക്രൊയേഷ്യയുടെ രണ്ടാം ഗോള്‍ നേടിയത്. ആക്രമണ ഫുട്ബോള്‍ കളിച്ച ക്രൊയേഷ്യയെ കൗണ്ടര്‍ ആക്രമണത്തിലൂടെയാണ് ഫ്രാന്‍സ് തളച്ചത്. ലോകകപ്പ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ കണ്ട മത്സരമെന്ന പദവിയും ഈ മത്സരം സ്വന്തമാക്കി.
കളിയുടെ ആദ്യ പകുതിയില്‍ 2-1 ന് ഫ്രാന്‍സ് മുന്നിലായിരുന്നു. ആത്യന്തം മുള്‍മുനയില്‍ നിര്‍ത്തിയ ആദ്യ പകുതിയില്‍ ഫ്രാന്‍സിനെ മുന്നിലെത്തിച്ചത് വാറിന്റെ സഹായത്തോടെ വീണ മൂന്നാം ഗോളായിരുന്നു. അടിയും അതേനാണയത്തിലുള്ള തിരിച്ചടിയും കണ്ട ഒന്നാം പകുതിയില്‍ ആദ്യം മുന്നിലെത്തിയത് ഫ്രാന്‍സ്. പതിനെട്ടാം മിനിറ്റില്‍ ബോക്സിന് പുറത്ത് അന്റോണിയോ ഗ്രീസ്മാനെ വീഴ്ത്തിയതിന് കിട്ടിയ ശിക്ഷ. ഗ്രീസ്മാന്റെ ഫ്രീകിക്ക് മരിയോ മാന്‍സുകിച്ചിന്റെ തലയില്‍ തട്ടി വലയുടെ ഇടതുമൂലയിലിറങ്ങി. ലോകകപ്പ് ഫൈനലിന്റെ ചരിത്രത്തില്‍ തന്നെയുള്ള ആദ്യ സെല്ഫ്ഗോള്.
പത്തു മിനിറ്റേ ലീഡിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. 27 ാം മിനിറ്റില്‍ പെരിസിച്ചിലൂടെ അവര്‍ മറുപടി പറഞ്ഞു. അതിനും കാരണം ബോക്സിന് പുറത്ത് കിട്ടിയ ഒരു ഫ്രീകിക്കായിരുന്നു. ലൂക്കോ മോഡ്രിക് പന്ത് ബോക്സിലേക്ക് ഉയര്‍ത്തി വിട്ടു. അത് പല തലകള്‍ തട്ടി കിട്ടിയത് പെരിസിച്ചിന്. പന്തിനെ ഒന്നു തലോടി ഇടത്തേക്ക് അല്‍പ്പം മാറ്റി തൊടുത്ത ബുള്ളറ്റ്ഷോട്ട് ഫ്രഞ്ച് ഗോളി ലോറിസിനെ കബളിപ്പിച്ച് വലയുടെ വലതുമൂലയിലേക്ക് കയറി.
ഫ്രഞ്ച് മുന്നേറ്റത്തെ തടയാനുള്ള ക്രൊയേഷ്യന്‍ പ്രതിരോധത്തിന്റെ കടുപ്പകളിയില് കിട്ടിയ കോര്‍ണറില്‍ നിന്നായിരുന്നു അടുത്ത ഗോള്‍ വന്നത്. അതുവരെ നായകനായിരുന്ന പെരിസിച്ച് വില്ലനായി. കോര്‍ണറില്‍ നിന്നും വന്ന പന്ത് ബോക്സില്‍ പെരിസിച്ച് കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് ഫ്രാന്‍സ് വാറിന് അപേക്ഷിച്ചു. ദൃശ്യം പരിശോധിച്ച അര്‍ജന്റീനിയന്‍ റഫറി നെസ്റ്റര്‍ പിറ്റാനയ്ക്ക് പെനാല്‍റ്റി അനുവദിക്കാന്‍ രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. ഗ്രീസ്മാന്റെ ഷോട്ട് ഗോളി സുബാസിക്കിനെ കബളിപ്പിച്ച് വലയില്‍.
രണ്ടാം പകുതിയിലും കളിക്ക് വിപരീതമായി ഗോള്‍ വീണു. 59 ാം മിനിറ്റില്‍ എംബാപ്പയുടെ ഒരു മുന്നേറ്റത്തില്‍ നിന്നുമായിരുന്നു ഫ്രാന്‍സിന്റെ മൂന്നാം ഗോള്‍. ബോക്സില്‍ എംബാപ്പയുടെ മുന്നേറ്റത്തിനൊടുവില്‍ ബോക്സില്‍ പന്തുകിട്ടിയ ഗ്രീസ്മാന് അത് പിന്നില്‍ നിന്നും ഓടിവരികയായിരുന്ന പോള്‍ പോഗ്ബയ്ക്ക് നല്കി. ക്രൊയേഷ്യ പോഗ്ബയുടെ ഷോട്ട് നേരെ വലയില്‍. ഈ ഗോളോടെ ക്രൊയേഷ്യയുടെ പോരാട്ട വീര്യം അവസാനിച്ചതിന്റെ അടുത്ത സൂചനയും വന്നു. തൊട്ടുപിന്നാലെ എംബാപ്പേയുടെ ഗോളും വന്നു. 65 ാം മിനിറ്റില്‍ എംബാപ്പേയുടെ ഷോട്ട് വലയില്‍ എത്തുമ്പോള്‍ പെലെയ്ക്ക് ശേഷം ഫൈനലില്‍ ഗോള്‍ നേടുന്ന ആദ്യ കൗമാരക്കാനായി. പിന്നാലെ ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസിന്റെ ഒരു പിഴവ് ക്രൊയേഷ്യയ്ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചു. ഒരു ബാക്ക് പാസ് ക്ളീയര്‍ ചെയ്യാനുള്ള ശ്രമത്തിനിടയില്‍ കയറി വന്ന മരിയോ മാന്‍സുകിച്ചിനെ വെട്ടിക്കാന്‍ ശ്രമിച്ച ലോറിസ് പിഴവ് വരുത്തി. പന്ത് മാന്‍സുകിച്ചിന്റെ കാലില്‍ തട്ടി വലയില്‍.
രണ്ടാം കിരീടം തേടിയെത്തുന്ന ഫ്രാന്‍സിനോട് ആദ്യ കിരീടം തേടിയെത്തുന്ന ക്രൊയേഷ്യ ശക്തമായ മത്സരമാണ് നല്‍കിയത്. ക്രൊയേഷ്യയുടെ ആക്രമണത്തോടെയായിരുന്നു തുടങ്ങിയ കളിയില്‍ ആദ്യ പത്തു മിനിറ്റ് എതിരാളികള്‍ക്ക് കൗണ്ടര്‍ അറ്റാക്കിന് പോലും അവസരം നല്‍കാതെ ക്രൊയേഷ്യ നിരന്തരം ആക്രമിക്കുകയായിരുന്നു. ഇരുടീമുകളും സെമിഫൈനല്‍ ലൈനപ്പിനെ തന്നെയാണ് അവസാന മത്സരത്തിനും ഇറക്കിയത്. റഷ്യയിലെ ലുഷ്നിക്കി സ്റ്റേഡിയത്തില്‍ വെളുപ്പും ചുവപ്പും ചെക്ക് സ്ഥിരം ജഴ്സിയില്‍ ചരിത്രം കുറിക്കാന്‍ ക്രൊയേഷ്യ ഇറങ്ങിയപ്പോള്‍ പരമ്പരാഗത നീല കുപ്പായത്തിലായിരുന്നു ഫ്രാന്‍സിന്റെ വരവ്.
ആതിഥേയരായി 1998 ല്‍ കിരീടം ഉയര്‍ത്തിയ ഫ്രാന്‍സ് രണ്ടാം തവണയാണ് കിരീടത്തില്‍ മുത്തമിടുന്നത്. 2006 ലും അവര്‍ ഫൈനല്‍ കളിച്ചിരുന്നെങ്കിലും ഇറ്റലിയോട് പരാജയപ്പെട്ടു. ലോകകപ്പില്‍ മൂന്നാം സ്ഥാനത്ത് വരെ എത്തിയിട്ടുള്ള ക്രൊയേഷ്യ ഇതാദ്യമായി ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് മത്സരത്തിനിറങ്ങിയത്. രണ്ടാം പകുതിയില്‍ നിരന്തരം ആക്രമണം അഴിച്ചു വിട്ടെങ്കിലും ഫ്രഞ്ച് പ്രതിരോധ നിര വഴങ്ങാതെ പിടിച്ചുനിന്നു. ഒടുവില്‍ നിശ്ചിത സമയം പൂര്‍ത്തിയായി അര്ജന്റീനക്കാരന് റഫറി നെസ്റ്റര്‍ പിറ്റാനയുടെ ലോംഗ് വിസില്‍ വന്നതോടെ ഫ്രാന്‍സ് ലോകകപ്പില്‍ തുടര്‍ന്ന സ്ഥിരമായ പ്രകടനത്തിന് മുന്നില്‍ ക്രൊയേഷ്യ സമ്പൂര്‍ണ്ണമായി അടിയറവ് പറഞ്ഞു.





